വഖഫ്ഭൂമി പ്രശ്‌നം: ആശങ്കകള്‍ പരിഹരിക്കണം. തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പാരിഷ്‌കൗണ്‍സില്‍ കര്‍മ്മസമിതി രൂപീകരിച്ചു.
തളിപ്പറമ്പ്: വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് തളിപ്പറമ്പില്‍ ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിക്കണമെന്ന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പാരിഷ്‌കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
തളിപ്പറമ്പിന്റെ പല ഭാഗങ്ങളിലും വഖഫ് നിയമപ്രകാരമുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകുമെന്നുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയാണ്.
സെന്റ് മേരീസ് ഫൊറോന ദേവാലയം, രാജരാജേശ്വരക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളും നഗരസഭാ ഓഫീസ്, കോളേജ്, സഹകരണ ആശുപത്രി തുടങ്ങിയ പൊതുസ്ഥാപനങ്ങളും നിരവധി വീടുകളും ഈ നിയമത്തിന്റെ അധിനിവേശ ഭീഷണിയില്‍ ആണെന്ന വാര്‍ത്തകള്‍ ജനങ്ങളെ ആകുലപ്പെടുത്തുകയാണെന്ന് പാരിഷ്‌കൗണ്‍സില്‍ വിലയിരുത്തി.
മതസൗഹാര്‍ദ്ദത്തിനും കൂട്ടായ്മക്കും മാതൃകയായ ഒരു നഗരത്തിലെ ജനതലെയ ഭിന്നിപ്പിക്കാനും അതിലൂടെ മുതലെടുപ്പ് നടത്താനുമുള്ള ചില ദുഷ്ടശക്തികളുടെ ലക്ഷ്യം ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലുണ്ടോ എന്ന് പരിശോധിക്കപ്പെടണം.
വിശദമായ പഠനങ്ങള്‍ നടത്തി യഥാര്‍ത്ഥ വസ്തുതകള്‍ മനസിലാക്കുന്നതിനും കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു.
ഫൊറോന വികാരി ഫാ.മാത്യു ആശാരിപ്പറമ്പില്‍(ചെയര്‍മാന്‍) ഫാ.ഡായി മാത്യു പ്ലാത്തോട്ടത്തില്‍(കണ്‍വീനര്‍), ടോമി കുരിശുംമൂട്ടില്‍, സിബി പൈകട, അഡ്വ.മാര്‍ട്ടിന്‍ കൊട്ടാരത്തില്‍, മാത്യു വട്ടക്കുന്നേല്‍, രാജു ചൂരനോലി എന്നിവര്‍ കമ്മറ്റി അംഗങ്ങളുമാണ്.