തളിപ്പറമ്പ്: അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചു പിടിക്കാനെന്ന വ്യാജേന നിയമാനുസൃതമായി ആധാരം ചെയ്ത് പണം നല്കി വാങ്ങിയ ഭൂമിയില്‍ വര്‍ഷങ്ങളായി വീട് വെച്ച് താമസിക്കുന്ന മഹല്ല് നിവാസികള്‍ക്ക് നോട്ടീസ് അയക്കുന്നതിന്റെ പിന്നില്‍ സി.പി.എമ്മിന്റെ ഗൂഡാലോചനയാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.കെ. സുബൈര്‍.
തളിപ്പറമ്പിലെ മുസ്ലിം സമുദായത്തിന്നിടയില്‍ സ്വാധീനമുറപ്പിക്കാന്‍ ഒരുക്കുന്ന നാടകമാണിത്.
സി.പി.എം തന്നെ രൂപീകരിച്ച വഖഫ് സംരക്ഷണ സമിതിയാണ് ഇപ്പറഞ്ഞ പരാതി മുഴുവന്‍ കൊടുത്തത്.
തുടര്‍ന്നാണ് സി.പി.എം നോമിനികള്‍ കൈകാര്യം ചെയ്യുന്ന കേരള വഖഫ് ബോര്‍ഡ് രാഷ്ട്രീയ പ്രേരിതമായി ജുമുഅത് പള്ളി ട്രസ്റ്റിന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നതും അദ്ദേഹത്തെ കൊണ്ട് യാതൊരുവിധ പ്രാഥമിക അന്വേഷണവും നടത്താതെ യുദ്ധകാല വേഗതയില്‍ റിപ്പോര്‍ട്ട് കൊടുപ്പിക്കുന്നതും.
അതിന്റയടിസ്ഥാനത്തിലെന്ന് പറഞ്ഞാണ് നോട്ടീസ് അയക്കുന്നത്.നോട്ടീസ് കണ്ട് പരിഭ്രാന്തരാകുന്ന ഭൂ ഉടമകള്‍ തങ്ങളുടെ ഓഫീസിന്റെ തിണ്ണ കയറിയിറങ്ങുമെന്നാണ് സി.പി.എം.കണക്ക് കൂട്ടുന്നത്.
ആ പേരും പറഞ്ഞ് വര്‍ഷങ്ങളോളം മഹല്ല് നിവാസികളെ കൊണ്ട് നിയമ യുദ്ധം നടത്തിക്കാനും അതുവഴി സാമ്പത്തികമായി തടിച്ചു കൊഴുക്കുവാനും രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനുമാണ് സിപിഎം ശ്രമിക്കുന്നത്.
പരാതി കൊടുത്ത സി.പി.എം തന്നെ സംരക്ഷിക്കുമെന്ന് പറഞ്ഞ് പത്രപ്രസ്താവനയിറക്കുന്നത് അതുകൊണ്ടാണ്.
അങ്ങനെയാണെങ്കില്‍ എന്തിനാണ് സിപിഎം നേതൃത്വത്തിലുള്ള വഖഫ് സംരക്ഷണ സമിതി പരാതി കൊടുത്തതെന്ന് വ്യക്തമാക്കണം.
ഈ ബഹളത്തിന്നിടയില് യാതൊരു രേഖയും ഇല്ലാതെ അന്യായമായി വഖഫ് ഭൂമി കയ്യില്‍ വെക്കുന്ന പ്രമാണിമാരെയും അതിസമ്പന്നരേയും രക്ഷപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യം കൂടി സിപിഎമ്മിന്റെ അജണ്ടയിലുണ്ട്.
അത്തരം ആളുകള്‍ കൈവശം വെക്കുന്ന അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 30 കൊല്ലമായി നടക്കുന്ന ഇടപെടലുകളെ ഇല്ലാതാക്കാനും അതിന് നേതൃത്വം കൊടുക്കുന്ന വിശ്വാസികള്‍ക്കെതിരെ നാട്ടുകാരെ ഇളക്കിവിടാനുമാണ് ഈ നോട്ടീസ് നാടകം.
മൊത്തത്തില്‍ സി.പി.എം എടുത്ത ക്വട്ടേഷനാണ് ഇപ്പോള്‍ നടക്കുന്നതെല്ലാം. അവസാനം ഇതെല്ലാം സി.പി.എമ്മിനെ തിരിഞ്ഞു കൊത്തുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കാന്‍ പോകുന്നില്ല.
വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞത് പോലെയാണ് സിപിഎമ്മിന്റെ അവസ്ഥ. മഹല്ല് നിവാസികള്‍ക്ക് മേല്‍ കുതിര കയറാന്‍ വേണ്ടി ഉണ്ടാക്കിയ കളിയില്‍ സ്വന്തം കൈവശമുള്ള സഹകരണ ഹോസ്പിറ്റലും കുറുമാത്തൂര്‍, പരിയാരം, പട്ടുവം, പഞ്ചായത്തുകളിലെ പാര്‍ട്ടി ഗ്രാമങ്ങളിലുള്ള നൂറുകണക്കിന് സഖാക്കളുടെ കിടപ്പാടവും വഖഫ് പരിധിയില്‍ വന്നിരിക്കുകയാണ്.
നോട്ടീസ് ലഭിച്ചവര്‍ക്ക് മറുപടി നല്‍കുന്നതിനും നിയമപരമായ സഹായം ലഭ്യമാക്കുന്നതിനും മുസ്ലിം ലീഗ് പ്രവര്ത്തകന്മാര് ഹെല്‍പ്പ് ഡെസ്ക് തുടങ്ങുമെന്നും സുബൈര്‍ പറഞ്ഞു.
നിയമാനുസൃതമായി ഭൂമി രജിസ്റ്റര്‍ ചെയ്തു കൈവശം വെക്കുന്നവര്‍ക്ക് ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. ഒരാളെയും തൊടാന്‍ ലീഗ് സമ്മതിക്കില്ല.
നിരപരാധികളായ എല്ലാവരെയും നിയമത്തിന്റെ വേലി കെട്ടി പാര്‍ട്ടി സംരക്ഷിക്കും.
വഖഫ് ബോര്‍ഡിന്റെ നോട്ടീസിനോട് സിപിഎം നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് സഹകരണ ഹോസ്പിറ്റലിന്റെയും പാര്‍ട്ടി ഗ്രാമങ്ങളിലെ സഖാക്കളുടെയും പ്രതികരണം എന്താണോ അതു തന്നെയായിരിക്കും ബാക്കിയുള്ളവര്ക്കുമെന്നും സുബൈര്‍ പറഞ്ഞു.