കണ്ണവം കാടറിഞ്ഞ്, കാട്ടിലലിഞ്ഞ്, കാടിന്റെ മക്കളെ അറിയാന്‍ ഗ്രാമസേവകന്മാരെത്തി
തളിപ്പറമ്പ്: കരിമ്പത്തെ കില സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് ഫാമിങ്ങ് ആന്‍ഡ് വേസ്റ്റ് മാനേജ്മെന്റ് നടത്തി വരുന്ന ഗ്രാമസേവകരുടെ(വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍) 6-ാം ബാച്ച്

ഇന്‍സര്‍വീസ് പരിശീലനത്തിന്റെ ഭാഗമായി കൂത്തുപറമ്പ് ബ്ലോക്കിലെ ചിറ്റാരിപറമ്പ് പഞ്ചായത്തിലുള്ള വിവിധ ഊരുകള്‍ സന്ദര്‍ശിച്ച് കാട്ടുമക്കളുടെ ബുദ്ധിമുട്ടുകളും ഊരില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളും വിലയിരുത്തി.
കില പ്രിന്‍സിപ്പല്‍ പി.എം.രാജീവിന്റെ നേതൃത്വത്തില്‍ കോഴ്സ് കോര്‍ഡിനേറ്ററും സെന്ററിലെ ലക്ചര്രുമായ ജെ.എസ്.സജീവ്, കെ.വിനയ, പി.പുഷ്പ. എന്നിവരാണ് പഠനസംഘത്തെ നയിച്ചത്.
38പേരടങ്ങിയ വില്ലേജ് എക്സറ്റന്ഷന് ഓഫീസര്‍മാരുടെ സംഘമാണ് കോളായാട് പഞ്ചായത്തിലെ പെരുവ പാലിയതുംവയല് ഗവണ്മെന്റ് യു പി സ്കൂളില്‍ താമസിച്ച് പഠനം നടത്തിയത്.
അരങ്ങോട്ടുംകണ്ടി, പന്നിയോട്, പറമ്പുകാവ്, തൊടീക്കളം യു ടി സി എന്നീ ഊരുകളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്.
ഊരുകളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ഊരിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകളും പഠിച്ച സംഘം വിശദമായ സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കി. ഓരോ ഊരിലെയും അങ്കണവാടികളും, ശുചിത്വ മാലിന്യ സംസ്കരണ രീതികളും, പഠനത്തിന് വിധേയമാക്കി.
കൂത്തുപറമ്പ് ബ്ലോക്കിലെയും ചിറ്റാരിപറമ്പ് പഞ്ചായത്തിലെയും ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും സഹായങ്ങളും പഠനത്തിന് ലഭിച്ചു.
‘ഊരറിവ് 2022’ എന്ന പേരില്‍ നടത്തിയ പഠനയാത്രയില് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 38 വി.ഇ.ഒമാര്‍ പങ്കെടുത്തു.
ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാനായി ആദിവാസി ഊരുകളില്‍ താമസിച്ച് അവരിലൊരാളായി നിന്നുകൊണ്ട് ആവശ്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയുമാണ് ഇവരുടെ പഠനയാത്രയുടെ ഉദ്ദേശം.
