വികസനസമിതിയില്‍ ആഞ്ഞടിച്ച് എ.വി.രവീന്ദ്രന്‍-അനധികൃതമെന്ന് കണ്ടെത്തിയ കെട്ടിങ്ങള്‍ക്കെതിരെ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നടപടിയില്ല.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ സയ്യിദ്നഗറിലെ അനധികൃത നിര്‍മ്മാണം അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പൊളിച്ചുനീക്കാത്തതിനെതിരെ ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.രവീന്ദ്രന്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ പരാതിപ്പെട്ടു.

വേണ്ടപ്പെട്ടവര്‍ക്ക് നഗരസഭാ അധികൃതര്‍ വേണ്ടാത്തത് ചെയ്തുകൊടുക്കുകയാണെന്നും ഇതിനെതിരെ നടപടി വേണമെന്നുമായിരുന്നു ആവശ്യം.

പ്രശ്നത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് തഹസില്‍ദാര്‍ പി.സജീവന്‍ അറിയിച്ചു.

ആര്‍.ഡി.ഒ ഉത്തരവ് നല്‍കിയിട്ടും നഗരസഭ നടപടി സ്വീകരിക്കുന്നതില്‍ വിമുഖത കാട്ടുകയാണെന്ന് രവീന്ദ്രന്‍ പറഞ്ഞു.

നഗരത്തിലെ ബഹുനില കെട്ടിടങ്ങളുടെ പാര്‍ക്കിംഗ് ഏരിയകള്‍ ഗോഡൗണുകളാക്കി മാറ്റിയതിനെതിരെയും രവീന്ദ്രന്‍ സമിതിയോഗത്തില്‍ പരാതിപ്പെട്ടു.

ചപ്പാരപ്പടവ്-എരുവാട്ടി-തേര്‍ത്തല്ലി റോഡിന്റെ കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് സൂപ്രണ്ടിങ്ങ് എഞ്ചിനീയറുടെ തലത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം തളിപ്പറമ്പ് സെക്ഷന്‍ അസി.എഞ്ചിനീയര്‍ അറിയിച്ചു.

നഗരസഭാ സ്പോര്‍്ടസ് കോംപ്ലക്സിന് വിശു്ദ്ധ ചാവറയച്ചന്റെ പേരിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നഗരസഭാ സ്റ്റിയറിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തിയതായി സെക്രട്ടെറി അറിയിച്ചു.

സംസ്ഥാനപാത-36 ലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയതായും സ്ഥാപിച്ചവ സ്വയമേവ നീക്കം ചെയ്യാത്തപക്ഷം പോലീസ് സഹായത്തോടെ ഒഴിപ്പിക്കുമെന്നും പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു.

നെടുമുണ്ട റോഡരികിലെ മരങ്ങള്‍ വാഹനഗതാഗതത്തിന് ഭീഷണിയായതിനാല്‍ മുറിച്ചുനീക്കാന്‍ അനുമതി നല്‍കിയതായി ബന്ധപ്പെട്ടവര്‍ യോഗത്തെ അറിയിച്ചു.

തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

തഹസില്‍ദാര്‍ പി.സജീവന്‍, ഭൂരേഖ തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍, കെ.സുധാരന്‍ എം.പിയുടെ പ്രതിനിധി പി.എം.മാത്യു, ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.