വിളയാങ്കോട് ശ്രീ ശിവക്ഷേത്രം രക്തേശ്വരി ദേവസ്ഥാന പ്രതിഷ്ഠാകലശം ജൂണ്‍-26, 27, 28, 29 തീയതികളില്‍

പിലാത്തറ: വിളയാങ്കോട് ശ്രീ ശിവക്ഷേത്രം രക്തേശ്വരി ദേവസ്ഥാന പ്രതിഷ്ഠാകലശം ജൂണ്‍-26, 27, 28, 29 തീയതികളില്‍ (മിഥുനം-11, 12, 13, 14)നടക്കുമെന്ന് ഭാരവാഹികള്‍ പിലാത്തറ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

26 ന് വൈകുന്നേരം 5 മുതല്‍ ശുദ്ധിക്രിയകള്‍, തുടര്‍ന്ന് ക്ഷേത്രം ട്രസ്റ്റി വാരണക്കോട് ഗണപതി നമ്പൂതിരിയില്‍ നിന്ന് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരേമശ്വന്‍ നമ്പൂതിരി കൂറയും പവിത്രവും ഏറ്റുവാങ്ങും.

പ്രാസാദശുദ്ധി, അസ്ത്രകലശപൂജ, വാസ്തുകലശപൂജ, രക്ഷോഘ്‌നഹോമം, വാസ്തുഹോമം, വാസ്തുബലി, ബിംബപരിഗ്രഹം എന്നീ താന്ത്രിക കര്‍മ്മങ്ങളും തുടര്‍ന്ന് നടക്കും.

വൈകുന്നേരം 7 ന് അധ്യാത്മികസമ്മേളനം ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.

പ്രതിഷ്ഠാകലശ കമ്മറ്റി ചെയര്‍മാന്‍ കുത്തൂര്‍ ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിക്കും.

ഡോ.ഇ.ശ്രീധരന്‍ സ്മരണിക പ്രകാശനം ചെയ്യും.

തുടര്‍ന്ന് ചീമേനി അവധൂതാശ്രമം മഠാധിപതി സ്വാമി സാധു വിനോദ്ജി അധ്യാത്മിക പ്രഭാഷണം നടത്തും.

ജനറല്‍ കണ്‍വീനര്‍ കെ.പി.ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ സ്വാഗതവും വി.വി.രാമചന്ദ്രന്‍ നന്ദിയും പറയും.

നൃത്യതി നാട്യകലാ അക്കാദമിയുടെ സോനു രതീഷും സംഘവും അവതരിപ്പിക്കുന്ന ദേവീ മഹാത്മ്യം നൃത്തശില്‍പ്പവും അരങ്ങേറും.

27 ന് രാവിലെ 5 മുതല്‍ ഗണപതിഹോമം, ധ്യാനാധിവാസം, ഭഗവതിസേവ.

വൈകുന്നേരം 7 ന് ചെറുതാഴം ചന്ദ്രന്‍, ചിറക്കല്‍ നിതീഷ് എന്നിവര്‍ നയിക്കുന്ന ഇരട്ടതായമ്പക, മാതൃസമിതി അവതരിപ്പിക്കുന്ന കലാവിരുന്നും അരങ്ങേറും.

28 ന് രാവിലെ ഗണപതിഹോമം, ശയ്യാപൂജ, ഉച്ചപൂജ, കലശാഭിഷേകം, ഗുരുതി. ഉച്ചക്ക് 12 മുതല്‍ പ്രസാദ ഊട്ട്.

വൈകുന്നേരം 6 മുതല്‍ കളിയാട്ടം ആരംഭം, സന്ധ്യവേല. വിഷ്ണുമൂര്‍ത്തി, രക്തേശ്വരി, ഗുളികന്‍ തെയ്യങ്ങളുടെ തോറ്റം.

29 ന് പ്രതിഷ്ഠാ കലശ സമാപനം. രാവിലെ 9 മുതല്‍ രക്തേശ്വരി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തെയ്യങ്ങളുടെ പുറപ്പാട്.

ഉച്ചക്ക് 12 മുതല്‍ പ്രസാദഊട്ട്.

വാര്‍ത്താ സമ്മേളനത്തില്‍ എം.സഹദേവന്‍, എം.വി.ശങ്കു, സി.മോഹനന്‍, കെ.പി.ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.