ടി.വി.ചാത്തുക്കുട്ടി നായര്‍ പുരസ്‌കാരം-2025 ഡോ: വി.വി.കുഞ്ഞികൃഷ്ണന്
പിലാത്തറ: ചെറുതാഴം ചെരാത് നല്‍കിവരുന്ന ടി.വി.ചാത്തുക്കുട്ടിനായര്‍ പുരസ്‌കാരം ഇത്തവണ പ്രസിദ്ധ ചരിത്രകാരനും എഴുത്തുകാരനും വാഗ്മിയുമായ മുന്‍ കോളേജിയേറ്റ് ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ.വി.വി.കുഞ്ഞികൃഷ്ണന് സമര്‍പ്പിക്കും.
20,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
എ.വി.അജയകുമാര്‍, ഡോ. രാമന്തളി രവി, ബാലകൃഷ്ണന്‍ കൊയ്യാല്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ജേതാവിനെ നിശ്ചയിച്ചത്.
ഏപ്രില്‍ രണ്ടിന് ചെറുതാഴത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
ജനവരി 2 ന് ചാത്തുക്കുട്ടി നായരുടെ നൂറ്റി ഇരുപത്തിയാറാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് പുരസ്‌കാരപ്രഖ്യാപനം.
ചാത്തുക്കുട്ടി നായര്‍ പുരസ്‌കാരം ഉള്‍പ്പെടെ ചെറുതാഴം ചെരാതു നല്‍കി വരുന്ന പുരസ്‌കാരങ്ങളെല്ലാം ഇനി മുതല്‍ ഏപ്രില്‍ 2 ന് ചെറുതാഴത്ത് വെച്ച് നല്‍കാന്‍ തീരുമാനിച്ചതായി പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ഇ.കെ.ഗോവിന്ദവര്‍മ്മരാജ അറിയിച്ചു.
1920 ല്‍ സാമൂതിരി കോളജില്‍ സീനിയര്‍ ഇന്റര്‍മീഡിയേററിന് പഠിക്കുമ്പോള്‍ മഹാത്മജിയുടെ ആഹ്വാനം ചെവിക്കൊണ്ട് പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തില്‍ മുഴുകിയ പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും വൈക്കം സത്യഗ്രഹനായകനുമാണ് ടി.വി.ചാത്തുക്കുട്ടി നായര്‍.
മാപ്പിളലഹളക്കാലത്ത് സമാധാന സന്ദേശവുമായി കുതിരപ്പുറത്ത് ലഹള ബാധിത പ്രദേശങ്ങളിലെല്ലാമെത്തി ലഹള ശമിപ്പിക്കാന്‍ പ്രവര്‍ത്തിച്ചു. മികച്ച സംരംഭകനായിരുന്നു.
പണ്ഡിറ്റ് നെഹ്രുവിന്റെയും മഹാകവി ടാഗോറിന്റെയും ഉറ്റ മിത്രമായിരുന്നു.
കഴിഞ്ഞ 14 വര്‍ഷമായി ചെറുതാഴത്ത് പ്രവര്‍ത്തിച്ചു വരുന്ന സാംസ്‌കാരിക സംഘടനയാണ് ചെരാതു (ചെറുതാഴം രാത്ര തുറ).
ടി.വി.ചാത്തുക്കുട്ടി നായര്‍ പുരസ്‌കാരം, (20,000 രൂപ) വാരണക്കോട് കൃഷ്ണന്‍ നമ്പൂതിരി-തങ്കമണി തമ്പുരാട്ടി ദമ്പതിമാരുടെ സ്മരണാര്‍ത്ഥം നല്കുന്ന കൃത പുരസ്‌കാരം (25,000 രൂപ ), ഡോ. ടി.പി.സുകുമാരന്‍ പുരസ്‌കാരം (10,000 രൂപ), കടത്തനാട് ഉദയവര്‍മ്മ രാജ പുരസ്‌കാരം (20,000 രൂപ)എന്നിവ നല്‍കുന്നത് ചെരാതു ചെറുതാഴമാണ്.
ദേശീയ അന്തര്‍ദേശീയ പ്രാദേശിക സെമിനാറുകളും നടത്തുന്നുണ്ട്. ജനവിജ്ഞാന വിഷയത്തെ കരുത്തുറ്റതാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.
