വീട് പൊളിക്കുന്നതിനിടയില്‍ മതില്‍ തകര്‍ന്നു വീണ് പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു.
പരിയാരം: വീട് പൊളിക്കുന്നതിനിടയില്‍ മതില്‍ തകര്‍ന്നു വീണ് പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു.
ജത ഫാത്തിമ (7) ആണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് രാത്രി ഒന്‍പതോടെ മരിച്ചത്.
ഗുരുതരാവസ്ഥയിലായ ആദിലിനെ (10) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മരിച്ച ജത ഫാത്തിമയുടെ സഹോദരി നൂറുല്‍ മെഹറിന്‍ (5), ആദിലിന്റെ സഹോദരന്‍ അസ്ഹദ് (5) എന്നിവര്‍ പരിയാരത്ത് ചികിത്സയിലാണ്.
സുമയ്യ – മുജീബ് ദമ്പതികളുടെ മകളാണ് മരിച്ച ജത ഫാത്തിമ.
ഇന്ന് രാവിലെ ഒന്‍പതിനാണ് പരിയാരം തിരുവെട്ടൂരില്‍ നാടിനെ നടുക്കിയ സംഭവം നടന്നത്.
പരിക്കേറ്റ പെണ്‍കുട്ടി മരണം വരെ അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു.
പരിയാരം കണ്ണൂര്‍ ഗവ. ഡിക്കല്‍ കോളേജ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍-
പരിയാരം: തളിപ്പറമ്പിനടുത്ത് തിരുവട്ടൂരില്‍ പൊളിച്ചു മാറ്റുന്നതിനിടെ പഴയ വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണു അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് വയസുകാരി ജസ ഫാത്തിമ മരണത്തിന് കീഴടങ്ങിയതായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചു.
തലയിലും ദേഹമാസകലവും പരിക്കേറ്റ് അങ്ങേയറ്റം ഗുരുതരാവസ്ഥയിലാണ് രാവിലെ ഈ 5 വയസുകാരിയെ ഉള്‍പ്പടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹൃദയസ്തംഭനം സംഭവിച്ച്, അബോധാവസ്ഥയിലായിരുന്നു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മരുന്നുകളോട് ശരീരം പ്രതികരിക്കാത്ത അവസ്ഥയിലായിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിപ്പോന്നിരുന്നത്.
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്.
പരിക്കേറ്റ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചും മൂന്നും വയസുള്ള മറ്റ് രണ്ട് കുട്ടികളുടെ ചികിത്സ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന് കീഴില്‍ തുടരുന്നതായും പ്രിന്‍സിപ്പാള്‍ ഡോ എസ്.പ്രതാപ് അറിയിച്ചു.
ചികിത്സയിലുള്ള അഞ്ച് വയസുകാരന് വയറിലും മൂന്ന് വയസുകാരിക്ക് കാലിലുമാണ് ഗുരുതര പരിക്കുള്ളത്.
ഇവരുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുള്ളതായി മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.
നേരത്തെ, ആശുപത്രി സൂപ്രണ്ടും ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ പ്രൊഫസറുമായ ഡോ.കെ.സുദീപ് ചെയര്‍മാനും, ഡോ.ഡി.കെ.മനോജ് ( ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട്, ശ്വാസകോശ വിഭാഗം മേധാവി), ഡോ എം.ടി.പി മുഹമ്മദ് (പീഡിയാട്രിക് വിഭാഗം മേധാവി ), ഡോ.കെ.വി പ്രേംലാല്‍ (ന്യൂറോ സര്‍ജറി വിഭാഗം മേധാവി), ഡോ.വി.സുനില്‍ (ഓര്‍ത്തോപ്പഡിക്‌സ് വിഭാഗം മേധാവി), ഡോ.എസ.എം.അഷ്റഫ് (കാര്‍ഡിയോളജി വിഭാഗം മേധാവി ), ഡോ.ടി.പി.ബിജു (അസോസിയേറ്റ് പ്രൊഫസര്‍, സര്‍ജറി വിഭാഗം ) എന്നിവര്‍ അംഗങ്ങളുമായ മെഡിക്കല്‍ ബോര്‍ഡാണ് ചികിത്സാര്‍ത്ഥം രൂപീകരിച്ചത്.
ആരോഗ്യവകുപ്പ് മന്ത്രി ഓഫീസില്‍ നിന്ന് ഫോണ്‍ മുഖേനയും മുന്‍ മന്ത്രിയും തളിപ്പറമ്പ് MLA യുമായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കല്യാശേരി MLA എംവിജിന്‍, മെഡിക്കല്‍ കോളേജ് മുന്‍ ചെയര്‍മാന്‍മാരായ എം.വി.ജയരാജന്‍, ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍,
മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സോസൈറ്റി അംഗം കെ.സന്തോഷ് എന്നിവര്‍ നേരിട്ടെത്തിയും കുട്ടികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാനുമായി നേരത്തെ സംസാരിച്ചു. ചികിത്സ പൂര്‍ണമായും സൗജന്യമായി നല്‍കുന്നതിന് ആരോഗ്യവകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചതായും പ്രിന്‍സിപ്പാള്‍ അറിയിച്ചു.