പാട്ടുപാടാനെത്തിയ പിടികിട്ടാപ്പുള്ളി സി.ഐയുടെ തന്ത്രപരമായ നീക്കത്തില്‍ കുടുങ്ങി–
ശ്രീകണ്ഠാപുരം: ജീവകാരുണ്യപ്രവര്‍ത്തകനായി ചമഞ്ഞ് പാട്ടുപാടി പണംപിരിക്കാനെത്തിയ പിടികിട്ടാപ്പുള്ളി ശ്രീകണ്ഠാപുരം പോലീസിന്റെ പിടിയിലായി.
കൊല്ലം പെരിനാട് പനയം മഞ്ചുഭവനില്‍ പ്രഭാകരന്റെ മകന്‍ മനീഷ്(41)നെയാണ് ഇന്‍സ്‌പെക്ടര്‍ ഇ.പി.സുരേശന്റെ തന്ത്രപരമായ നീക്കങ്ങള്‍ കുടുക്കിലാക്കിയത്.
ഇന്ന് രാവിലെയാണ് ശ്രീകണ്ഠാപുരം ടൗണില്‍ മൈക്ക് ഉപയോഗിച്ച് പാട്ടുപാടി പണംപിരിക്കാന്‍ അനുമതി തേടി മനീഷ് ശ്രീകണ്ഠാപുരം സ്റ്റേഷനിലെത്തിയത്.
പെരിനാട്ടെ അനീഷ് എന്ന കിഡ്‌നിരോഗിയുടെ ഓപ്പറേഷന് ധനസമാഹരണത്തിനാണ് പരിപാടിയെന്നാണ് സ്റ്റേഷനില്‍ പറഞ്ഞത്.
ഇത്തരത്തില്‍ പാട്ടുപാടി തട്ടിപ്പുനടത്തുന്ന നിരവധി സംഘങ്ങള്‍ ഉള്ളതിനാല്‍ സംശയംതീര്‍ക്കാനായി സി.ഐ.ഇ.പി.സുരേശന്‍ മനീഷിന്റെ നാട്ടിലെ മേല്‍വിലാസം വാങ്ങി അവിടത്തെ സ്റ്റേഷനുമായി ബന്ധപ്പെട്ടു.
നാട്ടില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചതോടെ സംസ്ഥാനത്തെ മറ്റ് പോലീസ് സ്‌റ്റേഷനുകളില്‍ വിവരം നല്‍കിയപ്പോഴാണ് തങ്ങളുടെ മുന്നിലെത്തിയത് പിടികിട്ടാപ്പുള്ളിയാണെന്ന് പോലീസിന് വ്യക്തമായത്.
പേരാമ്പ്ര, അത്തോളി സ്‌റ്റേഷനുകളിലായി ചിട്ടി തട്ടിപ്പ് ഉള്‍പ്പെടെ 12കേസുകളില്‍ പ്രതിയാണ് മനീഷെന്ന് പോലീസ് പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനത്തിനെന്ന പേരില്‍ പാട്ടുപാടി ശേഖരിക്കുന്ന പണം ഉപയോഗിച്ച് അടിപൊളി ജീവിതം നയിക്കലാണ് മനീഷിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു.
പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലെ കോസിലാണ് മനീഷിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
അത്തോളി സ്‌റ്റേഷനിലെ കേസുകളില്‍ ഇയാള്‍ക്കെതിരെ വാറണ്ടും നിലവിലുണ്ട്.
കഴിഞ്ഞ ഒരു മാസത്തിലേറെയായി കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലായി പാട്ടുപാടി പണംപിരിച്ചുകൊണ്ടിരിക്കയാണ് മനീഷ്.
പേരാമ്പ്ര-അത്തോളി സ്‌റ്റേഷനുകളില്‍ നിന്നെത്തിയ പോലീസ് സംഘം മനീഷിനെ കസ്റ്റഡിയിലെടുത്ത് അങ്ങോട്ടേക്ക് കൊണ്ടുപോയി.