ആക്രി ഗോഡൗണല്ല, മെഡിക്കല്‍ കോളേജ്–മുന്നിലെ മാലിന്യശേഖരം-

പരിയാരം: ഉപയോഗശൂന്യമായ ട്യൂബ്‌ലൈറ്റുകള്‍, കാലിലൊന്നു തട്ടിയാല്‍ ടെറ്റ്‌നസ് ബാധിച്ചേക്കാവുന്ന തുരുമ്പിച്ച ഇരുമ്പ് സാമഗ്രികള്‍; നൂറുകണക്കിനാളുകള്‍ നിത്യേന വന്നുപോകുന്ന പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ മുന്‍ഭാഗത്ത് തന്നെയാണ് ആക്രി ഗോഡൗണിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഉപയോഗശൂന്യമായ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്.

മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ഒരുവര്‍ഷമായി നടന്നുവരുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ മാലിന്യങ്ങളാണ് ഇത്തരത്തില്‍ തുറന്ന സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നത്.

മഴക്കാലമായതോടെ മാലിന്യങ്ങളില്‍ നിന്നും കറുത്തനിറത്തിലുള്ള കുഴമ്പുരൂപത്തിലുള്ള വെള്ളം കേരള ഫുഡ്ഹൗസ് കാന്റീന്‍പരിസരത്തേക്ക് ഒഴുകിയിറങ്ങുന്നുണ്ട്.

തുരുമ്പ് പൊടിഞ്ഞുള്ള മലിനജലമാണിതെന്നാണ് പരിസരത്തുള്ളവര്‍ പറയുന്നത്.

പൊതുവെ വിഷപ്പാമ്പുകളുടെ ശല്യംരൂക്ഷമായ മെഡിക്കല്‍ കോളേജ് പരിസരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ക്കിടയില്‍ പാമ്പുകള്‍ കയറിക്കൂടാനിടയുണ്ടെന്നും ആശങ്കകളുണ്ട്. അടിയന്തിരമായും ഈ ആക്രിശേഖരം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്.