മാലിന്യ സംസ്‌കരണ കേന്ദ്രം സുന്ദരമാക്കി പയ്യന്നൂര്‍ നഗരസഭ-
പയ്യന്നൂര്‍: വലിച്ചെറിയുന്ന മാലിന്യം എങ്ങനെ പുനരുപയോഗിക്കാമെന്നു കാട്ടിത്തരികയാണ് പയ്യന്നൂര്‍ നഗരസഭ.
പാഴ്‌വസ്തുക്കള്‍ കൊണ്ടുള്ള നിരവധി ശില്‍പ്പങ്ങളാണ് മൂരിക്കൊവ്വലിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് മുന്നില്‍ സജ്ജമാക്കിയിട്ടുള്ളത്. ഇതോടൊപ്പം പൂന്തോട്ടവും ഒരുക്കി.
ശില്‍പി സുരേന്ദ്രന്‍ കൂക്കാനത്തിന്റെ നേതൃത്വത്തില്‍ പഴയ ഡ്രമ്മുകള്‍, ഉപയോഗശൂന്യമായ ഹെല്‍മെറ്റുകള്‍, ഗംബൂട്ടുകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ശില്‍പങ്ങള്‍ ഒരുക്കിയത്.
മാലിന്യങ്ങളുടെ അളവ് കുറക്കുക, പുനരുപയോഗിക്കുക, പുനര്‍ നിര്‍മിക്കുക തുടങ്ങിയ ആശയങ്ങള്‍ വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലും ഉണ്ടാക്കുക, മാലിന്യ സംസ്‌കരണ രീതികള്‍ കണ്ട്
പഠിക്കാന്‍ അവസരമൊരുക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭാധ്യക്ഷ കെ.വി.ലളിത പറഞ്ഞു.
നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ സഹായത്തോടെ മാലിന്യ നിര്‍മാര്‍ജനത്തിനുള്ള ജനകീയ പദ്ധതികളും നടപ്പാക്കുന്നുണ്ട്.
ഹരിത കര്‍മസേന, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ ശേഖരിക്കുന്ന മാലിന്യം വേര്‍തിരിച്ച് ജൈവ മാലിന്യങ്ങള്‍ തുമ്പൂര്‍മുഴി പ്ലാന്റില്‍ സംസ്‌കരിക്കുന്നു.
പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങളില്‍ നിന്നും പുനരുപയോഗത്തിനു സാധ്യമായവയും വേര്‍തിരിക്കും.
അല്ലാത്തവ ഷ്രഡ് ചെയ്ത് ടാറിംഗ് പ്രവൃത്തിക്കായി ഉപയോഗിക്കുകയാണ്.
ഇനി വലിച്ചെറിയുന്ന നാപ്കിനുകള്‍ സംസ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ. മാലിന്യ ശേഖരണത്തിനായി നെല്ലിക്ക ആപ്പും തയ്യാറാക്കിയിട്ടുണ്ട്.