നാരായണന്‍ നമ്പൂതിരി തോറ്റു തൊപ്പിയിട്ടു-കാട്ടുപന്നി ജയിച്ചു

പരിയാരം: കാട്ടുപന്നി ശല്യത്താല്‍ വിളകള്‍ നശിതില്‍ മനംനൊന്ത് കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിച്ചു.

മേലേതിയടത്തെ നാരായണന്‍ നമ്പൂതിരിയാണ് കാട്ടുപന്നി ശല്യം സഹിക്കവയ്യാതെ വന്നപ്പോള്‍ കൃഷി ഉപേക്ഷിച്ചത്.

ചെറുതാഴം പഞ്ചായത്തിലെ മേലേതിയടം പാടത്ത് ഒന്നര ഏക്കര്‍ സ്ഥലത്താണ് നാരായണന്‍ നമ്പൂതിരി നെല്‍കൃഷി ഇറക്കിയത്.

തരിശായി കിടന്ന ഭൂമി പാട്ടത്തിനെടുത്താണ് ഇവിടെ കൃഷി ഒരുക്കിയത്. അതിര, ഉമ എന്നീ നെല്‍ വിത്തുകള്‍ ഉപയോഗിച്ചാണ് കൃഷി ചെയ്തത്.

നല്ലവിളവും ലഭിച്ചിരുന്നു. കൊയ്യാന്‍ പാകത്തില്‍ തയ്യാറായപ്പോള്‍ പ്രതീക്ഷകളാക്കെ താളം തെറ്റിച്ചാണ് പന്നി ശല്യം രൂക്ഷമായത്.

കൃഷിക്ക് സംരക്ഷണ തുണി വേലി കെട്ടിയെങ്കിലും ഫലമുണ്ടായില്ല. രാവന്തിയോളം പണിയെടുത്താണ് കൃഷി ഒരുക്കിയത്.

രാത്രിയില്‍ കൃഷിക്ക് കാവലിരിക്കുകയും ചെയ്തുവെങ്കിലും കാട്ടു പന്നിയുടെയും മയിലിന്റെയും ശല്യം രൂക്ഷമായതായി കര്‍ഷകന്‍ നാരായണന്‍ നമ്പൂതിരി പറഞ്ഞു.

കാട്ടുപന്നിയും മയിലുകളും ചേര്‍ന്ന് വിളകള്‍ മുഴുവനായി നശിപ്പിച്ചു. ഇതില്‍ മനം നൊന്താണ് ഒന്നരയേക്കര്‍ സ്ഥലത്ത് ഒരുക്കിയ നെല്‍കൃഷി ഉപേക്ഷിച്ചത്.

ഏകദേശം 40,000 രൂപയുടെ നഷ്ടമാണ് നാരായണന്‍ നമ്പൂതിരിക്ക് ഉണ്ടായത്. അവശേഷിച്ച വൈക്കോലുകള്‍ പശുവിന് തീറ്റയ്ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്.