പരിസ്ഥിതിദിന അനുഷ്ഠാനങ്ങള്‍ക്കെതിരെ റിട്ട.എ.ഡി.എം എ.സി.മാത്യുവിന്റെ പ്രതിഷേധം.

 പരിസ്ഥിതിദിനത്തില്‍ സ്ഥാപിച്ച പ്രതിഷേധ ബോര്‍ഡ്-

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: മരം ഒരു വരം, പത്തുപുത്രന്മാര്‍ക്ക് തുല്യം ഒരു മരം–വര്‍ഷങ്ങളായി ഒരു അനുഷ്ഠാനം പോലെ കേട്ടുവരുന്ന പരിസ്ഥിതിദിന മുദ്രാവാക്യങ്ങളെ പരിഹസിച്ചും, മരങ്ങള്‍ അനാവശ്യമായി മുറിച്ചുമാറ്റുന്നതിനെതിരെ ബോധവല്‍ക്കരണത്തിനുമായി പരിസ്ഥിതിദിനത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി റിട്ട.എ.ഡി.എം എ.സി.മാത്യു.

പരിസ്ഥിതി ദിനത്തില്‍ എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് തൈകള്‍ നടുന്നതിന് നേതൃത്വം കൊടുക്കുന്നവര്‍ തന്നെ റോഡ് വികസനത്തിന്റെ പേരിലും മറ്റും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍മരങ്ങള്‍ അനാവശ്യമായി വെട്ടിമുറിക്കുന്നത് തുറന്നുകാട്ടി ഇത്തരത്തില്‍ മുറിച്ച ഒരു മരത്തിന്റെ അവശേഷിച്ച കുറ്റിക്ക് സമീപത്താണ് അദ്ദേഹം ബോര്‍ഡ് സ്ഥാപിച്ചത്.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയോരത്തെ 178 മരങ്ങളാണ് തളിപ്പറമ്പിനും ഇരിക്കൂറിനും ഇടയിലായി മെക്കാഡം ടാറിങ്ങിന്റെ മറവില്‍ പൊതുമരാമത്ത് വകുപ്പിലെ ചില ഉദ്യോഗസ്ഥരും മരക്കച്ചവടക്കാരും ചേര്‍ന്ന് മുറിച്ചുമാറ്റിയത്.

റോഡ് വികസനത്തെ ബാധിക്കാത്തതും ടാര്‍ റോഡരികില്‍ നിന്ന് നാല് മീറ്ററോളം മാറി നില്‍ക്കുന്നതുമായ ബ്ലോക്ക് ഓഫീസിന് സമീപത്തെ കൂറ്റന്‍ മഴമരവും തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നിലെ നാല് പ്ലാവുകളും ഈ ലോബി മുറിച്ചുനീക്കിയിരുന്നു.

118 മരങ്ങളാണ് ഇത്തരത്തില്‍ അനാവശ്യമായി മുറിച്ചത്. ഇതിനെതിരെ മന്ത്രി പി.എ.മുഹമ്മദ്‌റിയാസിനും തളിപ്പറമ്പ് താലൂക്ക് വികസനസമിതി മുമ്പാകെയും എ.സി.മാത്യു പരാതികള്‍ നല്‍കിയിരുന്നു.