യൂത്ത്‌സെന്റര്‍ പയ്യന്നൂര്‍- ഓണാഘോഷം ആഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 5 വരെ

പയ്യന്നൂര്‍: യൂത്ത്‌സെന്റര്‍ പയ്യന്നൂര്‍- ഓണാഘോഷം ആഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 5 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

പയ്യന്നൂര്‍ ടൗണിന്റെ ഹൃദയഭാഗത്ത് ഗ്രാമീണ തനിമയോടുകൂടി കഴിഞ്ഞ 34 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കലാ സാമൂഹിക സാംസ്‌കാരിക കായിക ജനക്ഷേമ സംഘടനയാണ് യൂത്ത് സെന്റര്‍ പയ്യന്നൂര്‍.

രക്തദാന സേനയിലൂടെയും നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികളെ പി എസ് സി പരിശീലനത്തിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ എത്തിക്കുന്നതിലൂടെയും പൊതു പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കെമിസ്ട്രി നൈറ്റ്‌സിലൂടെയും എ ഗ്രേഡ് പദവിയോടുകൂടി പ്രവര്‍ത്തിക്കുന്ന ഗ്രന്ഥാലയം ഉള്‍പ്പെടെ ഇതിനകം പയ്യന്നൂരിലെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കാനും പ്രദേശത്തിന്റെ പേര് തന്നെ യൂത്ത്‌സെന്റര്‍ എന്നാക്കി മാറ്റാനും ഇതിനകം കഴിഞ്ഞു.

ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 5 വരെ വ്യത്യസ്തങ്ങളും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കുന്നു.

ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തലും സ്വാതന്ത്ര്യ സമര സേനാനി അത്തായി നാരായണ പൊതുവാളുടെ സ്മരണയ്ക്ക് പായസദാനവും കാരംസ്, ചെസ്സ് മത്സരങ്ങളുടെ ഉദ്ഘാടനവും നടക്കും.

ഓഗസ്റ്റ് 30ന് ഓണാഘോഷത്തിന്റെ വിളംബരം അറിയിച്ചുകൊണ്ട് വൈവിധ്യവും വര്‍ണ്ണശബളവുമായ ടൂവീലര്‍ മാവേലി എഴുന്നള്ളത്ത് നടക്കും.

തുടര്‍ന്ന് ഓഗസ്റ്റ് 31 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് എല്‍പി, യുപി വിഭാഗത്തില്‍ ജില്ലാതല ചിത്രരചന മത്സരം നടക്കും.

രാവിലെ 10 മണി മുതല്‍ അംഗനവാടി, എല്‍പി, യുപി, ഹൈസ്‌കൂള്‍, പുരുഷ-വനിത വിഭാഗങ്ങളിലായി വൈവിധ്യങ്ങളായ മത്സര പരിപാടികളും അരങ്ങേറും.

ഉച്ചക്ക് 3 മണിക്ക് 18നും 50നും വയസ്സ് പ്രായമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതല കരോക്കെ സിനിമാഗാന മത്സരം നടക്കും.

5 മണിക്ക് 16 മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്കായി ‘മലയാളി മങ്ക’ ഫാഷന്‍ ഷോ മത്സരവും നടക്കും.

തുടര്‍ന്ന് 5.30ന് സാംസ്‌കാരിക സമ്മേളനം സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ വച്ച് പ്രദേശത്തെ എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി തലത്തില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ അനുമോദിക്കും.

സെപ്റ്റംബര്‍ അഞ്ചിന് തിരുവോണനാളില്‍ വീടുകളില്‍ പൂക്കള മത്സരവും നടക്കും. വിവിധ മത്സര പരിപാടികളില്‍ പങ്കെടുക്കുന്നതിന്

9495180695, 9446268927, 9447646418

എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

വാര്‍ത്തസമ്മേളനത്തില്‍ സെക്രട്ടറി സി.വി.രാജു, സംഘാടകസമിതി ചെയര്‍മാന്‍ ഒ.ബി.സുനീഷ്, കണ്‍വീനര്‍ എസ്.രജനീകാന്ത്്, സി.എം. വിനോദ്, എസ്.പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.