ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ജില്ലാ തല ഓഫീസ് കണ്ണൂരില്‍ സ്ഥാപിക്കണം -യൂത്ത് ഫ്രണ്ട് (എം)

കണ്ണൂര്‍: ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനുമായി ഒട്ടേറെ വായ്പ പദ്ധതികള്‍ നല്‍കിവരുന്ന കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ജില്ലാ തല ഓഫീസ് കണ്ണൂരില്‍ ആരംഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് (എം) നേതാക്കള്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഡോ. സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്. എം.എല്‍.എ ക്ക് നിവേദനം നല്‍കി.

കണ്ണൂര്‍ ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ക്ക് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെ സേവനങ്ങള്‍ക്കായി കാസര്‍ഗോഡ് ജില്ലയിലെ ചെറക്കളയിലുള്ള റീജിയണല്‍ ഓഫീസിനെയാണ് സമീപിക്കേണ്ടത്.

ജില്ലയിലെ മലയോര മേഖലയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ 200 ഓളം കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മാത്രമേ റീജിയണല്‍ ഓഫീസില്‍ എത്തിച്ചേരുവാന്‍ സാധിക്കുകയുള്ളൂ.

ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള വിദ്യാഭ്യാസ വായ്പ, ചികിത്സാ വായ്പ, വിവാഹ വായ്പ, വീട് നിര്‍മ്മാണ വായ്പ,സ്വയം തൊഴിലിനുള്ള വായ്പ അടക്കമുള്ള കോര്‍പ്പറേഷന്റെ സേവനങ്ങള്‍ ജില്ലയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭ്യമാകാന്‍ കണ്ണൂര്‍ ആസ്ഥാനമായി ജില്ലാതല ഓഫീസ് വരുന്നത് ഗുണകരമാകും.

കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അമല്‍ ജോയി കൊന്നക്കലിന്റെ നേതൃത്വത്തില്‍, ജില്ലാ പ്രസിഡന്റ് എബിന്‍ കുമ്പുക്കല്‍, ജനറല്‍ സെക്രട്ടറി റോഷന്‍ ഓലിക്കല്‍, പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഷിന്റോ കൈപ്പനാനിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.