ആദ്യം ഞങ്ങള്‍ ചരക്കിറക്കട്ടെ, എന്നിട്ട് പോയാല്‍മതി-തളിപ്പറമ്പ് മെയിന്റോഡില്‍ എന്തുമാവാം-

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡിലെ കയ്യേറ്റങ്ങളില്‍ ജനം പൊറുതിമുട്ടുന്നു,

രണ്ടരകോടി രൂപ ചെലവഴിച്ച് തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ നവീകരിച്ച റോഡിലൂടെ യാത്ര ചെയ്യണമെങ്കില്‍ ലോറി ഡ്രൈവര്‍മാരും മൊത്തക്കച്ചവടക്കാരും ചുമട്ടുതൊഴിലാളികളും കനിയണം.

ഇന്ന് വൈകുന്നേരം 4.45നുള്ള ദൃശ്യമാണ് വാര്‍ത്തയോടൊപ്പമുള്ള ചിത്രം.

നൂറുകണക്കിന് വാഹനങ്ങള്‍ മെയിന്‍ റോഡില്‍ ബ്ലോക്ക് ചെയ്തുവെച്ചാണ് ലോറിയില്‍ നിന്നും കടയിലേക്ക് ചരക്കിറക്കുന്നത്.

ഏതാണ്ട് പത്തുമിനുട്ടോളം സമയം വാഹനയാത്രികരെ ബന്ദികളാക്കിയാണ് ഈ ചരക്കിറക്കല്‍ നടന്നത്.

റോഡിന്റെ ഒരുവശത്ത് മാത്രം നിര്‍ത്തി ചരക്കിറക്കണമെന്ന സര്‍വകക്ഷി യോഗത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവിലപോലും കല്‍പ്പിക്കാത്ത രീതിയിലാണ് നടുറോട്ടിലെ ഈ ചരക്കിറക്കല്‍.

മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ മുതല്‍ കപ്പാലം വരെയുള്ള ഈ പൊതുമരാമത്ത് വകുപ്പ് റോഡിലൂടെയാണ് നേരത്തെ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നത്.

എന്നാല്‍ ഇത്തരത്തിലുള്ള റോഡ് കയ്യേറ്റം കാരണമാണ് അഞ്ച് വര്‍ഷം മുമ്പ് ബസ് ജീവനക്കാര്‍ ഏകപക്ഷീയമായി ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിയത്.

ഇപ്പോള്‍ വീണ്ടും ഇതുവഴി ബസുകള്‍ ഓടിക്കണമെന്ന നിര്‍ദ്ദേശം സജീവമായിക്കൊണ്ടിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള കയ്യേറ്റങ്ങള്‍ നടക്കുന്നത്.

വ്യാപാരികള്‍ക്ക് ചരക്കിറക്കാനായി മാത്രം പൊതുമരാമത്ത് വകുപ്പ് കോടികള്‍ ചെലവഴിച്ച് റോഡ് നവീകരിക്കണോ എന്നതാണ് നാട്ടുകാര്‍ ഉയര്‍ത്തുന്ന ചോദ്യം.

മൊത്തവ്യാപാരികള്‍ ഗോഡൗണില്‍ ചരക്ക് സൂക്ഷിച്ച് ചെറിയ വാഹനങ്ങളില്‍ ആവശ്യമായവ കടകളില്‍ എത്തിക്കണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ല.

ഗതാഗതം നിയന്ത്രിക്കേണ്ട പോലീസാവട്ടെ വെറും നോക്കുകുത്തിമാത്രം.

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് രംഗത്തിറങ്ങിയ ആര്‍.ഡി.ഒ യെ മഷിയിട്ട് നോക്കിയിട്ടും കാണുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.