ഫാം.ഡി കോഴ്‌സ്—പഞ്ചദിന നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു—സമരം തുടരും
പരിയാരം: ഫാം.ഡി കോഴ്‌സ് സര്‍ക്കാര്‍ മേഖലയില്‍ തുടരണമെന്നാവശ്യപ്പെട്ട് ഫാം.ഡി ഡോക്ടേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ 5 ദിവസമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് മുന്നില്‍ നടത്തിവന്ന നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു.
നിരാഹാര സമരം നടത്തിയ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സൈമണ്‍ ജോഷ്വക്ക് സംസ്ഥാന ട്രഷറര്‍ അനിത ടീച്ചര്‍ നാരങ്ങാനീര് നല്‍കിയാണ് സത്യാഗ്രഹം അവസാനിപ്പിച്ചത്.
സമരം ഒരു പരിധിവരെ വിജയം കണ്ടതായി അദ്ദേഹം കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.
ഫാം.ഡി കോഴ്‌സ് കഴിഞ്ഞവരെ പി.എസ്.സി.വഴി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നിയമിച്ച് പൊതുജനാരോഗ്യരംഗത്ത് മികച്ച സേവനം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിലവില്‍ നടന്നുവരുന്ന ഫാം.ഡി കോഴ്‌സ് തുടരുന്നത് അംഗീകരിക്കും വരെ സമരം തുടരുമെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
എ.കുഞ്ഞഹമ്മദ്, ഡോ.ലയ രാഘവന്‍, ടി.കെ.രാഘവന്‍ എന്നിവരും സമാപന ചടങ്ങില്‍ പങ്കെടുത്തു.