കോടികളുടെ വികസനം വേണ്ട–ചിറവക്കില്‍ ഒരു ബസ് ഷെല്‍ട്ടര്‍ തരുമോ–

തളിപ്പറമ്പ്: തളിപ്പറമ്പിലെ തിരക്കേറിയ ജംഗ്ഷനായ ചിറവക്കില്‍ ബസ്‌ബേ ഇന്ന്‌വരും നാളെവരും എന്ന് പറഞ്ഞുതുടങ്ങിയിട്ട് വര്‍ഷങ്ങളായി, പക്ഷെ, ഇതുവരെ വന്നില്ല.

വികസനത്തിന്റെ കുത്തൊഴുക്ക് വാര്‍ത്തകള്‍ കണ്ടും കേട്ടും ജനത്തിന് ശ്വാസംമുട്ടിത്തുടങ്ങി.

ഒന്നും വേണ്ട, മഴയും വെയിലും ഏല്‍ത്താതെ ബസ് കാത്തുനില്‍ക്കാന്‍ ഒരു ഷെല്‍ട്ടറെങ്കിലും തരുമോ എന്നാണ് എല്ലാവരും നിശബ്ദമായി ചോദിക്കുന്നത്.

ജാംബവാന്‍ കാലത്ത് പണിത ഒരു ബസ് ഷെല്‍ട്ടര്‍ പയ്യന്നൂര്‍ ഭാഗത്തെ റോഡരികിലുണ്ടെങ്കിലും അതിന്റെ അസ്ഥിപഞ്ജരം മാത്രമാണിപ്പോഴുള്ളത്.

മലയോര മേഖലകളിലേക്ക് പോകുന്ന ബസുകള്‍ കാത്തുനില്‍ക്കുന്നവര്‍ തൊട്ടടുത്ത ഷോപ്പിംഗ് മാളിന്റെ വരാന്തയിലാണ് ഇപ്പോള്‍ കയറിനില്‍ക്കുന്നത്.

ആയിരവും രണ്ടായിരവും വരുന്ന കോടികളുടെ വികസനം നടന്നുകൊണ്ടിരിക്കുന്നതായി അധികൃതര്‍ പറയുന്നുണ്ട്.

പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളാവട്ടെ നിത്യവും നടക്കുന്നു.

പയ്യന്നൂര്‍ ഭാഗത്തേക്കും ആലക്കോട്-ശ്രീകണ്ഠാപുരം-ഇരിട്ടി ഭാഗത്തേക്കും ബസ് കാത്തുനില്‍ക്കുന്നവരോട് നഗരസഭാ

അധികൃതര്‍ക്കോ ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ക്കോ ഇത്തിരിയെങ്കിലും ഒരു കരുണകാട്ടിക്കൂടേ-?