ലൈഫാണെങ്കിലും അങ്ങനെയങ്ങ് കൊടുക്കാന്‍ പറ്റില്ലെന്ന് തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗം
തളിപ്പറമ്പ്: ലൈഫ് പദ്ധതിയില്‍ വീടിന് അപേക്ഷ നല്കിയവരില് നിന്ന് അര്‍ഹരായവരെ ഒഴിവാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം.
ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ നഗരസഭക്ക് ലഭിച്ച 74 അപേക്ഷകരില്‍ നിന്നും 53 പരെ മാത്രമേ തെരഞ്ഞെടുക്കാനാവൂ എന്ന നിലപാടിലായിരുന്നു ഭരണപക്ഷം.
എന്നാല്‍ അപേക്ഷകരായ മുഴുവന്‍പേര്‍ക്കും വീട് നല്‍കണമെന്നായിരുന്നു സി.പി.എം കൗണ്‍സിലര്‍ കെ.എം. ലത്തീഫിന്റെ വാദം.
ഒരു അപേക്ഷകന് നഗരസഭ രണ്ട് ലക്ഷം രൂപ അനുവദിക്കേണ്ടതിനാല്‍ ഫണ്ടിന്റെ അപര്യാപ്തത വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും ഇത് കാരണം നൂറുശതമാനവും അര്‍ഹതയുള്ള 5 സെന്റ് ഭൂമി സ്വന്തയുള്ളവര്ക്ക് മാത്രമേ ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിക്കാനാവു എന്നും വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന് പറഞ്ഞു.
ഇത് അംഗീകരിക്കാനാവില്ലെന്ന വാദവുമായി പ്രതിപക്ഷ കക്ഷി നേതാവ് ഒ.സുഭാഗ്യം, വി.വിജയന് എന്നിവരും രംഗത്തുവന്നു.
ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ സമവായമുണ്ടാക്കിയ ശേഷം തീരുമാനമെടുക്കാമെന്ന ധാരണയിലാണ് തര്‍ക്കങ്ങള്‍ക്ക് വിരാമമായത്.
ജൂണ്‍ എട്ടിന് നടക്കുന്ന നഗരസഭാ വികസന സെമിനാറില്‍ അവതരിപ്പിക്കേണ്ട കരട് പദ്ധതിരേഖ അജണ്ടയോടൊപ്പം ലഭിക്കാത്തതും കൗണ്‍സില്‍ യോഗത്തില്‍ വിവാദങ്ങള്‍ക്കിടയാക്കി.
ഒടുവില്‍ ഈ അജണ്ട പരിഗണിക്കുന്നത് മാറ്റിവെക്കുകയും അവസാനത്തെ അജണ്ടയായി പരിഗണിക്കുകയുമായിരുന്നു.
യോഗത്തില്‍ ചെയര്പേഴ്സന് മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. പി.പി.മുഹമ്മദ്നിസാര്‍, പി.സി.നസീര്‍, കെ.രമേശന്, ഡി.വനജ, ഇ.കുഞ്ഞിരാമന് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.