തന്ത്രങ്ങള്‍ മൗനത്തിലൊളിപ്പിച്ച് അള്ളാംകുളം മഹമ്മൂദ് കൂടുതല്‍ കരുത്തനാവുന്നു–

കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: മാറിനിന്ന് തന്ത്രം മെനഞ്ഞ് അള്ളാംകുളം മഹമ്മൂദ്. തളിപ്പറമ്പില്‍ മുസ്ലിംലീഗില്‍ പിളര്‍പ്പുണ്ടാവുകയും രണ്ട് വിഭാഗമായി പിരിയുകയും ചെയ്ത സാഹചര്യത്തിലും കളിക്കളത്തില്‍ നേരിട്ടിറങ്ങാതെ നിശബ്ദനായി സാന്നിധ്യം അറിയിക്കുകയാണ് അള്ളാംകുളം മഹമ്മൂദ്.
തളിപ്പറമ്പിലെ മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന പരേതനായ കെ.വി.മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെ വല്‍സല ശിഷ്യനായി രാഷ്ട്രീയം പഠിച്ച അള്ളാംകുളം മഹമ്മൂദ് തളിപ്പറമ്പിലെ ലീഗ് രാഷ്ട്രീയത്തിലെ മാറ്റിനിര്‍ത്താനാവാത്ത സാന്നിധ്യമായി മാറിയിരിക്കയാണിപ്പോള്‍.
നിലവിലുള്ള രാഷ്ട്രീയ അവസ്ഥയില്‍ ആരുമായും തന്റെ അഭിപ്രായം പങ്കുവെക്കാതെ മാറിനില്‍ക്കുന്ന അദ്ദേഹം ഒരു കാര്യത്തിലും
ഇതേവരെ പ്രതികരിച്ചിട്ടില്ല.
അണികള്‍ ആവേശത്തിലാണെങ്കിലും
നേതാവ് ഒരു വിധത്തിലുള്ള ആവേശവും പുറമെ കാണിക്കുന്നില്ല. എം.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്തെത്തിയ കരിമ്പം സ്വദേശിയായ മഹമ്മൂദ് താന്‍ ജനിച്ചുവീണ പ്രദേശത്തിന്റെ പേര് ഒരു നെറ്റിപ്പട്ടംപോലെ എടുത്തണിയുകയും ആ പേര് സ്വന്തമാക്കുകയും ചെയ്ത വ്യക്തിത്വമാണ്.
രാഷ്ട്രീയത്തില്‍ ശത്രുക്കളില്ലെന്ന കെ.വി.മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെ അതേ സമീപനം തന്നെയാണ് അള്ളാംകുളവും സ്വീകരിച്ചത്.
നഗരസഭാ ചെയര്‍മാനായിരുന്നപ്പോഴും കക്ഷിരാഷ്ട്രീയത്തിനതീതമായി വിപുലമായ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍
കഴിഞ്ഞു. ലീഗ് രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റടിക്കുമ്പോഴും തികഞ്ഞ മനസാന്നിധ്യത്തോടെയാണ് അള്ളാംകുളത്തിന്റെ ഇടപെടല്‍.
കെ.വി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ വര്‍ഷങ്ങളോളം ഇരുന്ന കണ്ണൂര്‍ ജില്ലാ മുസ്ലിം എജ്യുക്കേഷണല്‍ അസോസിയേഷന്റെ ജനറല്‍ സെക്രട്ടെറിയുടെ കസേരയിലെത്തിയ അള്ളാംകുളം മഹമ്മൂദ് തളിപ്പറമ്പിലെ മുസ്ലിം ലീഗില്‍ അവഗണിക്കാന്‍ സാധിക്കാത്ത ഒരു പേരായി മാറിക്കഴിഞ്ഞു.
