കല്ലിങ്കീല്‍ രാജിവെക്കണമെന്ന് ഡി.സി.സി. ഇല്ലെന്ന്, കല്ലിങ്കീല്‍-ലീഗിന് പിന്നാലെ കോണ്‍ഗ്രസിലും കലാപം

തളിപ്പറമ്പ്: ലീഗിന് പിന്നാലെ തളിപ്പറമ്പ് കോണ്‍ഗ്രസിലും കലാപം.

കോണ്‍ഗ്രസ് നേതാവും തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭനോട് ഡി.സി.സി.നേതൃത്വം തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജി ആവശ്യപ്പെട്ടതോടെയാണ് കോണ്‍ഗ്രസിലും വെടിപൊട്ടിയത്.

ഇന്നലെ രാവിലെയാണ് പ്രത്യേക ദൂതന്‍ മുഖേന ഡി.സി.സി.പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് കല്ലിങ്കീലിനോട് രേഖാമൂലം രാജിവെക്കാന്‍ ആവശ്യപ്പെട്ടത്.

പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ കെ.പി.സി.സി. പ്രസിഡന്റിനോട് സമ്മതിച്ച കല്ലിങ്കീലിനോട് ബാങ്കിന്റെ ഡയരക്ടര്‍ സ്ഥാനത്തുനിന്നുകൂടി രാജിവെക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടു ദിവസത്തിനകം രാജിക്കത്ത് നല്‍കണമെന്നാണ് ആവശ്യം. തളിപ്പറമ്പ് കോണ്‍ഗ്രസില്‍ മാസങ്ങളായി നടന്നുവരുന്ന ഗ്രൂപ്പ്‌പോരിന്റെ ഭാഗമായിട്ടാണ് കല്ലിങ്കീലിനെതിരെ നീക്കം നടക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ നടന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബാങ്ക് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ എ വിഭാഗത്തിലെയും ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെയും നേതൃത്വത്തില്‍ സമ്മര്‍ദ്ദം ശക്തമായത്.

രാജിവെക്കാന്‍ ഡി.സി.സി.നേതൃത്വത്തിന്റെ കത്ത് ലഭിച്ചതായി സമ്മതിച്ച കല്ലിങ്കീല്‍ ഒരു സ്ഥാനവും രാജിവെക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.