ഇസ്ഹാഖ് കൊലപാതകം-പ്രതി പോലീസ് വലയില്‍
കണ്ണൂര്‍: ഇസ്ഹാഖിന്റെ കൊലപാതകം, പ്രതി വലയിലെന്ന് സൂചന. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായിരുന്ന ഇയാളെ കണ്ണൂര്‍ ടൗണ്‍പോലീസാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
തളിപ്പറമ്പ് സ്റ്റേഷനില്‍ ബന്ധുക്കള്‍ നല്‍കിയ പരാതി സംഭവം നടന്ന കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതോടെ അറസ്റ്റുണ്ടായേക്കും.
തളിപ്പറമ്പ് മുക്കോല കപ്പിളി പള്ളിക്ക് സമീപത്തെ മലിക്കന്‍ ഇസ്ഹാഖിന്റെ (34) മരണത്തില്‍ സംശയമുള്ളതായി കാണിച്ച് ബന്ധുക്കല്‍ തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മരണം കണ്ണൂരില്‍ വെച്ച് കഠിനമായ മര്‍ദ്ദനമേറ്റതുകൊണ്ടാണെന്ന് വ്യക്തമായത്.
11 ന് രാവിലെയാണ് സലാമത്ത്‌നഗറിലെ വാടക വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ഇസ്ഹാഖിനെ മരിച്ച നിലയില്‍ കണ്ടത്.
10 ന് സന്ധ്യയോടെ രാജരാജേശ്വരക്ഷേത്രം റോഡിലെ അനാദിക്കടക്ക് മുന്നില്‍ അവശനായി കാണപ്പെട്ട ഇസ്ഹാഖിനെ ബന്ധുക്കളാണ് വീട്ടിലെത്തിച്ചത്.
മദ്യപിക്കുന്ന സ്വഭാവമുള്ളതിനാല്‍ പ്രത്യേകിച്ച് അസ്വാഭാവികതയൊന്നും അപ്പോള്‍ തോന്നിയിരുന്നില്ല.
മരിച്ച നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ തലക്കേറ്റ ആഘാതത്തില്‍ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു.
പത്താംതീയതി വൈകുന്നേരം 4.30 ന് ഇസ്ഹാഖിന് കണ്ണൂര്‍ പഴയ ബസ്റ്റാന്റില്‍ വെച്ച് ക്രൂരമായി മര്‍ദ്ദനമേറ്റ വിവരം പുറത്തുവന്നതോടെയാണ് ബന്ധുക്കള്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
ഒരു ഓട്ടോഡ്രൈവറാണ് മര്‍ദ്ദിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് പ്രതിയെ കുടുക്കിയത്.