തമിഴ്‌നാട്ടിലും കര്‍ണാടകയിലുമല്ല– ഇത് നമ്മുടെ പാണപ്പുഴയിലെ ഷാജിയുടെ സ്വന്തം പപ്പായത്തോട്ടം-

 

കരിമ്പം.കെ.പി.രാജീവന്‍

മാതമംഗലം: തമിഴ്‌നാട്ടിലും കര്‍ണാടകയിലുമൊന്നുമല്ല, നമ്മുടെ നാട്ടില്‍ തന്നെ വിജയകരമായി പപ്പായ കൃഷി ചെയ്ത് മാതമംഗലത്തെ വി.വി.ഷാജി.

കൃഷി നഷ്ടമാണെന്ന് പരിദേവനം നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്കിടയില്‍ വേറട്ടു നില്‍ക്കുകയാണ് തളിപ്പറമ്പ് നഗരസഭയില്‍ സി.ഡി.എസ്. മെമ്പര്‍ സെക്രട്ടറിയായി ജോലിചെയ്യുന്ന ഷാജി.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ സ്റ്റെഡ് എന്ന സ്ഥാപനവും കൃഷിവകുപ്പ് അധികൃതരും ഒന്നും കൃഷിചെയ്യാനാവില്ലെന്ന് പറഞ്ഞ് ഉപേക്ഷിച്ച പാണപ്പുഴ ചാലിലെ 80 സെന്റ് പാറപ്രദേശമാണ് നിരന്തര പരിശ്രമത്തിലൂടെ ഇദ്ദേഹം പപ്പായ തോട്ടമാക്കി മാറ്റിയത്.

620 റെഡ്‌ലേഡി പപ്പായ തൈകളാണ് ഷാജിയുടെ പരിശ്രമം കൊണ്ട് ഈ പാറപ്പുറത്തെ മണ്ണില്‍ തഴച്ചുവളരുന്നത്.

വൈദ്യുതിയെത്താത്ത സ്ഥലത്ത് കുഴല്‍കിണര്‍ കുഴിച്ച് ഡീസല്‍ പമ്പ് ഉപയോഗിച്ചാണ് ജലസേചനം നടത്തുന്നത്.

ഇപ്പോള്‍ വിളവെടുപ്പാരംഭിച്ചിരിക്കുന്ന തോട്ടത്തില്‍ നിന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ 3 ക്വിന്റല്‍ പപ്പായ വിളവെടുക്കുന്നുണ്ട്.

പ്രാദേശികമായ മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുന്ന പപ്പായ പഴങ്ങള്‍ രാസ-കീടനാശിനികള്‍ ഉപയോഗിക്കാതെ ജൈവരീതിയില്‍ കൃഷിചെയ്യുന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്.

2021 ഫെബ്രുവരിയിലാണ് തായ്‌ലന്റില്‍ നിന്നും എത്തിച്ച പപ്പായ വിത്തുകള്‍ പാകി മുളപ്പിച്ച് ഷാജി തന്റെ കൃഷിയിടത്തില്‍ നട്ടത്.

ഈ മാസം 14 മുതലാണ് വിളവെടുപ്പ് തുടങ്ങിയത്. മൂന്ന് വര്‍ഷത്തോളം ഈ പപ്പായ തൈകളില്‍ നിന്ന് വിളവെടുക്കാന്‍ കഴിയും.

ഇപ്പോള്‍ കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള വിഷമടിച്ച പപ്പായ പഴങ്ങളാണ് കണ്ണൂരിലെത്തുന്നത്. മഴക്കാലത്ത് തീരെ മധുരമില്ലാത്ത പഴങ്ങളാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നത്.

മികച്ച കര്‍ഷകനായ ഷാജി മൂന്നേക്കര്‍ സ്ഥലത്താണ് തിരക്കേറിയ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും കൃഷിചെയ്യുന്നത്.

രാവിലെ അഞ്ചരയോടെ കൃഷിസ്ഥലത്തെത്തുന്ന ഇദ്ദേഹം അവധി ദിനങ്ങളില്‍ വൈകുവോളം കൃഷിയിടത്തില്‍ തന്നെയാണ്. ഷാജിയുടെ ഫോണ്‍ നമ്പര്‍-9846181476.