ക്രമക്കേടുകള്‍ നടത്തിയത് എ.കെ.ഭാസ്‌ക്കരന്‍-പാര്‍ട്ടിയില്‍ നിന്ന് മക്കള്‍ക്ക് ജോലി ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍-

തളിപ്പറമ്പ്: ക്രമക്കേടുകള്‍ മുഴുവന്‍ നടത്തിയത് എ.കെ.ഭാസ്‌ക്കരനാണെന്ന് കുറുമാത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹികള്‍ ആരോപിച്ചു.

ഇന്നലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സി.പിഎമ്മില്‍ ചേരുമെന്ന് പ്രഖ്യാപിച്ച തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടറി എ.കെ.ഭാസ്‌ക്കരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ നട്ടാല്‍മുളക്കാത്ത നുണകളാണെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കുറുമാത്തൂര്‍ അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫേര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടുകളേക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡി.സി.സി ജന.സെക്രട്ടറി എം.പി.വേലായുധനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചിരുന്നു.

അന്വേഷണത്തില്‍ 20 ലക്ഷത്തോളം രൂപയുടെ ക്രമക്കേടുകള്‍ ബോധ്യപ്പെട്ടിരുന്നു. സൊസൈറ്റി നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോകാനായി നിരവധി നിര്‍ദ്ദേശങ്ങള്‍ ഡി.സി.സി.മുന്നോട്ടുവെച്ചിരുന്നു.

എന്നാല്‍ ലോണ്‍ കൊടുത്തതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഭാസ്‌ക്കരന്‍ സ്വന്തം നിലയിലാണ് കൈകാര്യം ചെയ്തിരുന്നത്. ലോണ്‍ അപേക്ഷകളില്‍ പലതിലും ഒപ്പുപോലും ഉണ്ടായിരുന്നില്ല.

കോണ്‍ഗ്രസുകാരായ 7 ഡയരക്ടര്‍മാരില്‍ മൂന്നുപേരെ ഇടക്കുവെച്ച് നീക്കം ചെയ്ത് ബി.ജെ.പി.അനുഭാവികളെ നിയമിച്ചിരുന്നു.

കൂടാതെ ഒരു സംഘടനയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ട്രസ്റ്റിന്റെ 27 ലക്ഷം രൂപ നിക്ഷേപവും സ്വീകരിച്ചിരുന്നു; എന്നാലിപ്പോള്‍ ഒന്നിനും കണക്കില്ലാത്ത നിലയിലാണ്.

ലോണ്‍ നല്‍കിയത് പാര്‍ട്ടി നോക്കിയിട്ടല്ലെന്നും എല്ലാ പാര്‍ട്ടിയില്‍ പെട്ടവര്‍ക്കും ലോണ്‍ നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്നും എല്ലാ ആനുകൂല്യങ്ങളും പറ്റിയ ശേഷമാണ് ഭാസ്‌ക്കരന്‍ പാര്‍ട്ടിയെ തള്ളിപ്പറയുന്നതെന്നും മണ്ഡലം ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

രണ്ട് മക്കള്‍ക്കും ജോലി നല്‍കിയത് പാര്‍ട്ടിയാണ്. എം.വി.ആര്‍.ആയുര്‍വേദ മെഡിക്കല്‍ കോളേജിലും തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലും മക്കള്‍ക്ക് ജോലി നല്‍കി.

ഭാസ്‌ക്കരനെ പഞ്ചായത്ത് അംഗമായും മണ്ഡലം കമ്മറ്റി പ്രസിഡന്റും ബ്ലോക്ക് ജന.സെക്രട്ടറിയുമാക്കി.

സ്വന്തം കഴിവുകേടിന്റെ പേരില്‍ സൊസൈറ്റിക്ക് തകര്‍ച്ച സംഭവിച്ചതിന് പാര്‍ട്ടിയെ തള്ളിപ്പറയുന്ന ഭാസ്‌ക്കരന്‍ സൊസൈറ്റിയുടെ പുരോഗതിക്കുവേണ്ടി കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ നിര്‍ദ്ദേശംപോലും  ചെവിക്കൊണ്ടില്ല.

ബി.ജെ.പി. ധാരണയ്ക്കു ശേഷം കഴിഞ്ഞ 2 വര്‍ഷമായി ഭാസ്‌കരന്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കാറില്ല.

ബ്ലോക്ക് ഭാരവാഹി എന്ന നിലയില്‍ ബ്ലോക്ക്കമ്മിറ്റിയില്‍ പോലും അദ്ദേഹം പങ്കെടുക്കാറില്ലെന്നും നേതാക്കള്‍ പറഞ്ഞു.


സാമ്പത്തിക ക്രമക്കേടുകള്‍ അടക്കം വിവിധ കാരണങ്ങളാല്‍ കോണ്‍ഗ്രസ്സില്‍നിന്നും പുറത്താക്കുന്നവരെ സ്വീകരിക്കുന്ന മാലിന്യസംസ്‌കരണ കേന്ദ്രമായി സി.പി.എം. മാറിയിരിക്കുകയാണ്‍.

നാട്ടിലെ കളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കും സംരക്ഷണം കൊടുക്കുന്ന ജോലിയാണ് ഇപ്പോള്‍ സി.പി.എം. ഏറ്റെടുത്തിരിക്കുന്നത്.

പത്രസമ്മേളനത്തില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എം.വി. രവീന്ദ്രന്‍, മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. സരസ്വതി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.വി. നാരായണന്‍കുട്ടി, ബ്ലോക്ക് സെക്രട്ടറി കെ. ശശിധരന്‍, മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് എ.കെ. ഗൗരി എന്നിവര്‍ പങ്കെടുത്തു.