പരിയാരം പബ്ലിക്ക് സ്‌കൂള്‍-കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ക്കെതിരെ കോടതിയലക്ഷ്യനടപടിയെന്ന് ട്രിബ്യൂണല്‍-
പരിയാരം: ഒക്ടോബര്‍ 18 ന് മുമ്പ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്തപക്ഷം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടു.
2019 ഏപ്രില്‍ മാസം മുതല്‍ ശമ്പളം കിട്ടാതെ വലയുന്ന പരിയാരം പബ്ലിക്ക് സ്‌കൂളിലെ 21 ജീവനക്കാര്‍ക്ക് ആഗസ്റ്റ് 31 ന് മുമ്പായി 29 മാസത്തെ ശമ്പളം നല്‍കാനാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍
ജുഡീഷ്യല്‍ അംഗം ബെന്നി ഗര്‍വാസിസ് ഇടക്കാല ഉത്തരവിട്ടിരുന്നത്.
എന്നാല്‍ ഇതുവരെയും ഉത്തരവ് പാലിക്കാത്തതിനെതിരെ അധ്യാപകര്‍ നല്‍കിയ ഹരജിയിലാണ് കേസിലെ ആറാം പ്രതിയായ കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പ്.
ഇതോടൊപ്പം ഇടക്കാല ഉത്തരവ് ട്രിബ്യൂണല്‍ രണ്ട് മാസത്തേക്ക്കൂടി നീട്ടി. ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരം നേരത്തെ കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള സ്പാര്‍ക്ക് സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്തു നല്‍കാനായി 19 അധ്യാപകരുടെയും 3 ഓഫീസ് ജീവനക്കാരുടെയും വിശദവിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
ഇത് നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. 2019 ഏപ്രിലില്‍ സഹകരണ മേഖലയിലെ പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തപ്പോഴാണ് പബ്ലിക് സ്‌കൂളും സര്‍ക്കാര്‍ അധീനതയിലായത്.
എന്നാല്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും മറ്റ് സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പിന്റെയും കീഴിലായിരുന്നു.
ആരോഗ്യ വകുപ്പ് ഇടപെട്ട് പെട്ടെന്നു തന്നെ മെഡിക്കല്‍ കോളേജിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ മുന്‍കൈയെടുത്തപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ മെല്ലെപ്പോക്ക് നയമാണ് അധ്യാപകര്‍ക്ക് വിനയായത്.
ചീഫ്‌സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടെറി, ധനകാര്യ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയരക്ടര്‍, കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, അക്കൗണ്ടന്റ് ജനറല്‍, പബ്ലിക്ക് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്നിവരെ പ്രതിചേര്‍ത്താണ് 22 ജീവനക്കാര്‍ ട്രിബ്യൂണലിനെ സമീപിച്ചത്.