വ്യത്യസ്തമായ കോളേജില്‍ വ്യത്യസ്ത കോഴ്‌സുകള്‍ക്ക് പഠിക്കാനെത്തിയവരും വ്യത്യസ്തര്‍.

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: റിട്ട. ഹെഡ്മാസ്റ്ററും, അധ്യാപകനും പഞ്ചായത്ത് വൈസ് പ്രസിഡന്റും പഞ്ചായത്ത് മെമ്പറും പഠിതാക്കളായി കിലയുടെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസ് കേരള, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് തളിപ്പറമ്പ് ക്യാമ്പസില്‍ മൂന്ന് പി.ജി. കോഴ്‌സുകളില്‍ ക്ലാസുകള്‍ ആരംഭിച്ചു.

സോഷ്യല്‍ എന്റര്‍പ്രിനര്‍ഷിപ്പ് ആന്റ് ഡവലപ്‌മെന്റ്, പബ്ലിക്ക് പോളിസി ആന്റ് ഡവലപ്‌മെന്റ്,  ഡീസെന്‍ട്രലൈസേഷന്‍
ആന്റ് ലോക്കല്‍ ഗവേണന്‍സ് എന്നിങ്ങനെ മൂന്ന് വിഷയങ്ങളിലുള്ള എം.എ കോഴ്‌സുകളാണ് ആരംഭിച്ചത്.

ഇന്ത്യയില്‍ കേരളത്തിലെ കരിമ്പം കില കോളേജില്‍ മാത്രമാണ് ഈ കോഴ്‌സുകളുള്ളത്.

ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കാണ് പ്രവേശനം.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ.കെ.രത്‌നകുമാരിയുടെ ഭര്‍ത്താവും റിട്ട. ഹെഡ്മാസ്റ്ററുമായ കൊയ്യം സ്വദേശി കെ.കെ.രവി ജനകീയാസൂത്രണ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ളയാളാണ്.

കല്‍പ്പറ്റയില്‍ ഗവ.ഹൈസ്‌ക്കൂളില്‍ നിന്നാണ് ഹെഡ്മാസ്റ്ററായി വിരമിച്ചത്.

അധികാരവികേന്ദ്രീകരണം ഏറെ താല്‍പര്യമുള്ള വിഷയമായതിനാലാണ് കോഴ്‌സിന് ചേര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.

പിണറായിയിലെ 60 വയസുകാരനായ റിട്ട. അധ്യാപകന്‍ കെ.പി.ബാലന്‍ ഗവ.ബ്രണ്ണന്‍ ഹൈസ്‌ക്കൂളില്‍ നിന്നാണ് അധ്യാപകനായി വിരമിച്ചത്.

2018 ലും 19 ലും നടന്ന വെള്ളപ്പൊക്ക-ഉരുള്‍പൊട്ടല്‍ കെടുതികളെക്കുറിച്ച് പഠനം നടത്തിയ ഇദ്ദേഹം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഇന്‍ കേരള എന്ന പേരില്‍ 400 പേജുവരുന്ന പഠനാര്‍ഹമായ ഒരു ഇംഗ്ലീഷ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2021 ല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്. പഞ്ചായത്ത്‌രാജ് ഭരണനിര്‍വ്വഹണത്തേക്കുറിച്ച് പഠിക്കുന്നതിനാണ് കോഴ്‌സിന് ചേര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉദയഗിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഷാജു, പഞ്ചായത്തംഗം കെ.എസ്.അബിഷ എന്നിവരും ഡീസെന്‍ട്രലൈസേഷന്‍ ആന്റ് ലോക്കല്‍ ഗവേണന്‍സ് എം.എ കോഴ്‌സിന് പ്രവേശനം നേടിയിട്ടുണ്ട്.

ആകെ മൂന്ന് കോഴ്‌സിനുമായി 15 വീതം 45 സീറ്റുകളാണുള്ളത്.

ഡെല്‍ഹിയില്‍ നിന്നുള്ള രണ്ടുപേരും ചെന്നൈയില്‍ നിന്നുള്ള ഒരാളും ഉള്‍പ്പെടെ 32 പേര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തതില്‍ 22 പേര്‍ ഇതിനകം ചേര്‍ന്നിട്ടുണ്ട്.

ഇതില്‍ ഒരാള്‍ എം.ടെക് ബിരുദധാരിയും മറ്റുള്ളവര്‍ പുതുതായി ബിരുദം നേടിയവരുമാണ്.

ഒഴിവുള്ള ബാക്കി സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്താന്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ അനുമതി തേടും.

നാല് സെമസ്റ്ററുകളായി നടത്തുന്ന കോഴ്‌സിന്റെ ഒരു സെമസ്റ്ററിന് 6000 രൂപയാണ് ഫീസ്.

വ്യത്യസ്തമായ കോഴ്‌സായതിനാല്‍ പഠനരീതിയും തീര്‍ത്തും വ്യത്യസ്തമാണ്.

പരമ്പരാഗത ക്ലാസ്‌റൂം രീതി വളരെ കുറച്ച് മാത്രമായിരിക്കും ഉപയോഗപ്പെടുത്തുന്നതെന്ന് ഡയരക്ടര്‍ ഡോ.പീറ്റര്‍ എം.രാജ് പറഞ്ഞു.

കോളേജിന് പ്രത്യേക കാമ്പസും ഹോസ്റ്റല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ സജീവമായി നടന്നുവരികയാണ്.