അതിരുകാക്കുന്ന മലകളില്ലാത്ത ലോകത്തേക്ക് പാടിമറഞ്ഞ നെടുമുടി വേണു-
കരിമ്പം.കെ.പി.രാജീവന്‍
നെടുമുടി വേണു മികച്ച നടനെന്നതിന് പുറമെ മികച്ച ഗായകന്‍ കൂടിയായിരുന്നു.
വിവിധ സിനിമകള്‍ക്കായി 21 ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. കൂടുതലും നാടന്‍ ഈണങ്ങളുടെ സ്പര്‍ശമുള്ള പാട്ടുകളായിരുന്നു.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 1981 ലെ വേനല്‍ എന്ന ചിത്രത്തില്‍ കെ.അയ്യപ്പപണിക്കരുടെ ചിറകറ്റപക്ഷിക്ക് എന്ന കവിതയാണ് ആദ്യമായി ആലപിച്ചത്. എം.ബി.ശ്രീനിവാസനായിരുന്നു സംഗീതസംവിധായകന്‍.
ഈ ആലാപനം ഹിറ്റായതോടെ 1982 ലെ സ്‌നേഹപൂര്‍വ്വം മീര എന്ന ഹരികുമാറിന്റെ സിനിമയില്‍ കുഞ്ഞുണ്ണി മാഷ് രചിച്ച കണ്ണുകാണുന്നവര്‍, ആ വരുന്നത്, പണ്ടൊരുകുരങ്ങച്ചന്‍, അണ്ണാറക്കണ്ണന്‍ എന്നീ കവിതകള്‍ എം.ജി.രാധാകൃഷ്ണന്റെ സംഗീത സംവിധാനത്തില്‍ ആലപിച്ചു.
1982 ലാണ് മോഹന്‍ സംവിധാനം ചെയ്ത ആലോലം എന്ന ചിത്രത്തില്‍ നെടുമുടിയുടെ നിത്യഹരിതഗാനം പാടിയത്.
കാവാലം രടനയും സംഗീതവും നിര്‍വ്വഹിച്ച ആലായാല്‍ തറ വേണം എന്നതാണ് ആഗാനം. അതേ വര്‍ഷം തന്നെ ശ്രീകുമാരന്‍തമ്പിയുടെ രചനയില്‍ ശ്യം ഈണം പകര്‍ന്ന തെക്കനാം ഗോപുരത്തില്‍ എന്ന ഗാനം ശ്രീകുമാരന്‍തമ്പിക്കൊപ്പം നെടുമുടി ആലപിച്ചു.
ആശ്രയം എന്ന ചിത്രത്തില്‍ (1983) യേശുദാസ്, എസ്.ജാനകി എന്നിവര്‍ക്കൊപ്പം പൂവ്വച്ചല്‍ ഖാദറിന്റെ രചനയില്‍ പിറന്നാള്‍ ഇല്ലാത്ത എന്ന് തുടങ്ങുന്ന ഗാവും ആലപിച്ചു.
എനിക്കും എനിക്കും ഇടയ്ക്ക് എന്ന ചിത്രത്തില്‍(1985) കാവാലത്തിന്റെ രചനയില്‍ എം.ജി.രാധാകൃഷ്ണന്‍ ഈണം പകര്‍ന്ന ഒരിടത്തൊരിടത്തൊരു—എന്ന ഗാനം ഷാജിനിക്കൊപ്പം പാടി.
1986 ല്‍ പ്രിയദര്‍ശന്റെ മുഴുനീള ഹാസ്യചിത്രം ധീംതരികിടതോം എന്ന ചിത്രത്തിലെ രസകരമായ ബാലൈ രംഗങ്ങളിലെ എല്ലാ പാട്ടുകളും നെടുമുടിവേണു എഴുതി സംഗീതം പകര്‍ന്ന് ആലപിച്ചതാണ്.
1987 ലെ എഴുതാപ്പുറങ്ങളില്‍ വിദ്യാധരന്‍ ഈണം പകര്‍ന്ന പാടുവാനായ് വന്നു എന്ന പാട്ട് യേശുദാസ്, കെ.എസ്.ചിത്ര എന്നിവര്‍ക്കൊപ്പവും പാടി. ഇതില്‍ തന്നെ ഉണ്ണീ-കെട്ടിപ്പൊതിഞ്ഞ എന്ന ഗാനം എഴുതി സംഗീതം നല്‍കി പാടുകയും ചെയ്തു.
1987 ല്‍ വേണുനാഗവള്ളി സംവിധാനം ചെയ്ത സര്‍വകലാശാല എന്ന സിനിമയിലെ സിദ്ധന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നെടുമുടി അതിരുകാക്കും മലയൊന്ന് തുടുത്തേ—എന്ന പ്രശസ്തമായ ഗാനം കാവാലം-എം.ജി.രാധാകൃഷ്ണന്‍ ടീമിന്റെ നേതൃത്വത്തില്‍ അനശ്വരമാക്കി.
മോഹന്‍ 1987 ല്‍ സംവിധാനം ചെയ്ത തീര്‍ത്ഥം എന്ന ചിത്രത്തിലെ അത്തിന്തോ തിന്താരോ–, ശൃംഗാരനടമാടി–എന്നീ പരമ്പരാഗത ഗാനങ്ങള്‍ രവി ബോംബേയുടെ ഈണത്തില്‍ വേണു മനോഹരമാക്കി.
പ്രിയദര്‍ശന്‍ 1989 ല്‍ സംവിധാനം ചെയ്ത വന്ദനം എന്ന ഹിറ്റ് ചിത്രത്തിലെ ഷിബുചക്രവര്‍ത്തി എഴുതി ഔസേപ്പച്ചന്‍ ഈണം പകര്‍ന്ന മേഘങ്ങളെ–എന്ന ഗാനം സുജാത മോഹനോടൊപ്പം പാടി.
നെടുമുടിയുടെ സംവിധാനത്തില്‍ 1989 ല്‍ പുറത്തുവന്ന പൂരം എന്ന ചിത്രത്തില്‍ കാവാലം എഴുതി എം.ജി.രാധാകൃഷ്ണന്‍ ചിട്ടപ്പെടുത്തിയ ദുര്‍വ്വാസാവിന്‍—,
2009 ല്‍ പി.സുകുമാര്‍ സംവിധാനം ചെയ്ത സ്വന്തം ലേഖകന്‍ എന്ന ചിത്രത്തിലെ സാന്ദ്യപ്രകാശമേ—എന്ന അനില്‍പനച്ചൂരാന്റെ ഗാനം ബിജിബാലിന്റെ സംഗീതത്തില്‍ അനില്‍ പനച്ചൂരാന്‍, മധു ബാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പവും പാടിയിരുന്നു.
2016 ല്‍ സൂപ്പര്‍ ഹിറ്റായ ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പാവാടയിലെ ഇഹലോകജീവിതം—എന്ന് തുടങ്ങുന്ന പരമ്പരാഗത ഗാനമാണ് എബി.ടോം സിറിയക്കിന്റെ സംഗീതത്തില്‍ അവസാനമായി പാടിയത്.
ഇഹലോക ജീവിതം ശാശ്വതമായി ആരും കരുതേണ്ട എന്ന് തുടങ്ങുന്ന ആ ഗാനമാലപിച്ച് നെടുമുടി അതിരില്ലാത്ത, മലകളില്ലാത്ത ലോകത്തേക്ക് പോയി.