അഴിമതിക്കാരുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധമുള്ള പോലീസുകാര്‍ എത്ര ഉന്നതരായാലും സര്‍വീസില്‍ ഉണ്ടാവില്ലെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.

തളിപ്പറമ്പ്: അഴിമതിക്കാരുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധമുള്ള പോലീസുകാര്‍ എത്ര ഉന്നതരായാലും സര്‍വീസില്‍ ഉണ്ടാവില്ലെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.

തളിപ്പറമ്പില്‍ അകാലത്തില്‍ മരണപ്പെട്ട പോലീസുകാരുടെ ധനസഹായ വിതരണം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില ക്രിമിനല്‍ പോലീസുകാര്‍ എത്രയായാലും അവരുടെ സ്വഭാവം മാറ്റാന്‍ തയ്യാറാവുന്നില്ലെന്നും, അത്തരക്കാരെ പോലീസില്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഇത്തരക്കാരെ ചെറിയ ശിക്ഷകള്‍ നല്‍കിയെന്ന് വരുത്തി സര്‍വീസില്‍ നിലനിര്‍ത്തി സംരക്ഷിക്കുകയായിരുന്നു.

ഇനി അത് നടക്കില്ലെന്ന് ഇടതു സര്‍ക്കാര്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞു.

വര്‍ഗീയതക്കും അഴിമതിക്കും എതിരെ പോലീസ് ശക്തമായ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്.

മുന്‍ കാലങ്ങളില്‍ നാടകങ്ങളിലും സിനിമകളിലും പ്രത്യക്ഷപ്പെടുനത് പോലുള്ള പോലീസുകാരെ ഇന്ന് കാണാനാവില്ലെന്നും അന്തസ് ഉയര്‍ത്തിക്കുന്ന

പോലീസുകാരാണ് ഇപ്പോള്‍ സിനിമകളിലും നാടകങ്ങളിലും പ്രത്യക്ഷപ്പെടുന്നതെന്നും കാലഘട്ടത്തിന്റെ മാറ്റമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

പോലീസിലെ മാറുന്ന മുഖമാണ് ഇത് തെളിയിക്കുന്നത്. ഒരു കാരണവശാലും കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കില്ലെന്നും ഡി.വൈ.എസ്.പിമാര്‍ ഉള്‍പ്പെടെയുള്ളവരെ സര്‍വീസില്‍ നിന്ന് നീക്കിയത് ചൂണ്ടിക്കാട്ടി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.