കൊടിലേരി പാലം എത്രയും വേഗത്തില്‍ യാഥാര്‍ഥ്യമാക്കും: മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ്: കൊടിലേരി പാലം എത്രയും വേഗത്തില്‍ യാഥാര്‍ഥ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു.

കുറുമാത്തൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ആലക്കോട്, പരിയാരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് എളുപ്പത്തില്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പറശ്ശിനി കടവ് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന ചൊറുക്കളകാണിച്ചാമല്‍-കൊടിലേരി കാഞ്ഞിരങ്ങാട്‌-ചെനയന്നൂര്‍ മാവിച്ചേരിനടുവയല്‍ റോഡിലെ കൊടിലേരി പാലത്തിന്റെ പ്രവര്‍ത്തി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കും.

കിഫ്ബിയുടെ 4 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 3 കോടി രൂപ പാലം നിര്‍മ്മാണത്തിനും 1 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനുമാണ് വകയിരുത്തിയിരിക്കുന്നത്.

36 മീറ്റര്‍ നീളത്തിലും 11.05 മീറ്റര്‍ വീതിയിലും 358 മീറ്റര്‍ അപ്രോച്ച് റോഡ് കൂടി അടങ്ങിയതാണ് പദ്ധതി. അപ്രോച്ച് റോഡിനായി പന്നിയൂര്‍ വില്ലേജില്‍ പെട്ട 43 സെന്റ് സ്ഥലവും കുറുമാത്തൂര്‍ വില്ലേജില്‍ പെട്ട 32 സെന്റ് സ്ഥലവും ഉള്‍പ്പെടെ 75 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

മുഴുവന്‍ ആളുകളെയും മുഖവിലക്കെടുത്തുകൊണ്ടും പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടുമാണ് വികസന പ്രവര്‍ത്തങ്ങള്‍ ഗവണ്മെന്റ് നടപ്പിലാക്കുന്നതെന്നും സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ കൃത്യമായ നഷ്ടം കണക്കാക്കുന്നതിന് തളിപ്പറമ്പ് തഹസില്‍ദാരെയും, കുറുമാത്തൂര്‍, പന്നിയൂര്‍ വില്ലേജ് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി.

രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

കൊടിലേരി പാലം യാഥാര്‍ഥ്യമാകുന്നതോടുകൂടി ആലക്കോട് ഉള്‍പ്പെടെ മലയോര മേഖലയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് പുതുതായി ആരംഭിക്കുന്ന ചൊറുക്കളബാവുപ്പറമ്പമയ്യില്‍കൊളോളംഎയര്‍പോര്‍ട്ട് ലിങ്ക് റോഡില്‍ എത്തിച്ചേരാന്‍ സാധിക്കും.

അവലോകന യോഗത്തില്‍ തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ , കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമണി , പി.ഡബ്ല്യൂ.ഡി.ബ്രിഡ്ജസ്. വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജേഷ് തുടങ്ങിയവരും പങ്കെടുത്തു.