ആസിഡ് കോളേജ് ലാബിലേതെന്ന് സൂചന-അഷ്‌ക്കര്‍ വധശ്രമക്കേസില്‍ റിമാന്‍ഡില്‍.
തളിപ്പറമ്പ്: കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമം നടത്തിയ അഷ്‌ക്കര്‍ ആസിഡ് സംഘടിപ്പിച്ചത് കോളേജിലെ കെമിസ്ട്രി ലാബില്‍ നിന്നാണെന്ന് സൂചന ലഭിച്ചതായി പോലീസ്.

എന്നാല്‍ കോളേജില്‍ നിന്ന് ആസിഡ് പുറത്തേക്ക് പോയതായി അറിയില്ലെന്ന് കെമിസ്ട്രി വിഭാഗം തലവന്‍ ബിജു പറഞ്ഞു.
ആസിഡ് പൊതുമാര്‍ക്കറ്റില്‍ ലഭ്യമാണെന്നിരിക്കെ കോളേജ് ലീബില്‍ നിന്നാണ് പോയതെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കെമിസ്ട്രി ലാബില്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണ് അഷ്‌ക്കര്‍.
1991 ല്‍ കോളേജില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി ജോലിക്ക് കയറിയ ഇയാള്‍ക്ക് ഭാര്യയും മക്കളുമുണ്ട്.
20 വര്‍ഷത്തോളം ലീവെടുത്ത് വിദേശത്ത് ജോലിചെയ്ത അഷ്‌ക്കര്‍ നാല് വര്‍ഷം മുമ്പാണ് വീണ്ടും കോളേജില്‍ റീജോയിന്‍ ചെയ്തത്.
മകനെ കോളേജില്‍ ചേര്‍ക്കാനെത്തിയപ്പോഴാണ് ഷാഹിദയെ ഇയാള്‍ പരിചയപ്പെട്ടതെന്നും പോലീസിനോട് പറഞ്ഞു.
മതാചാരപ്രകാരം ഇവരെ വിവാഹം ചെയ്തിട്ടുണ്ടെന്നും ഏഴോം, പട്ടുവം, മുയ്യം എന്നിവിടങ്ങളില്‍ വാടകയ്ക്ക് വീടെയുത്ത് താമസിച്ചിട്ടുണ്ടെന്നും പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ഈ സമയത്ത് ലോണ്‍ എടുത്ത് നല്‍കിയെന്നും ഇത് സംബന്ധിച്ച സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ഇരുവരും തമ്മില്‍ തെറ്റിയെന്നും ചില കേസുകള്‍ ഇത് സംബന്ധിച്ച് നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ഷാഹിദ ഭര്‍ത്താവ് ബഷീറിനോടൊപ്പം വീണ്ടും താമസിക്കുന്നതിന്റെ വിരോധം കാരണമാണ് ആസിഡൊഴിക്കാന്‍ തീരുമാനിച്ചതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
കോളേജിലും അഷ്‌ക്കറിനെക്കുറിച്ച് നിരവധി പരാതികള്‍ അധ്യാപകര്‍ക്കും സഹജീവനക്കാര്‍ക്കും ഉണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇന്നലെ ആസിഡ് ഒഴിക്കുന്നതിനിടയില്‍ പൊള്ളലേല്‍ക്കുകയും നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കുപറ്റുകയും ചെയ്ത ഇയാള്‍ക്ക് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സ നല്‍കി.
ഐ.പി.സി 307 പ്രകാരം വധശ്രമത്തിന് കേസെടുത്ത അഷ്‌ക്കറിനെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.
