നാട്ടില്‍ ചൂടാണ്; പക്ഷെ, സുരേഷിന്റെ മറ്റപ്പള്ളില്‍ വീട്ടിലെ ബാല്‍ക്കണിയില്‍ നട്ടുച്ചക്കും തണുപ്പാണ്.
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: നാടും നഗരവും എന്ന ഭേദമില്ലാതെ കടുത്ത ചൂട് പടര്‍ന്നുപിടിക്കുമ്പോള്‍ തൃച്ചംബരം കോട്ടക്കുന്ന് സ്ട്രീറ്റ് നമ്പര്‍ രണ്ടിലെ എം.പി.സുരേഷിന്റെ മറ്റപ്പള്ളില്‍ വീട്ടില്‍ ചൂട് ഒരു വിഷയമേയല്ല.
മുകള്‍നിലയിലെ ബാല്‍ക്കണിയിലിരുന്നാല്‍ എയര്‍കണ്ടീഷന്‍ഡ് റൂമില്‍ ഇരിക്കുന്ന ശീതളിമയാണ് അനുഭവിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
2018 ല്‍ ഇവിടെ വീടുവെക്കുമ്പോള്‍ തന്നെ പ്ലാന്‍ ചെയ്തതായിരുന്നു വീട്ടിലും പരിസരങ്ങളിലുമുള്ള പൂന്തോട്ടം.
കാഴ്ച്ചക്ക് കുളിര്‍മ്മ നല്‍കുന്ന ചെടികളോടൊപ്പം അത്യാവശ്യമുള്ള പച്ചക്കറികളും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നു.
ഒന്നാം നിലയിലെ ബാല്‍ക്കണിക്ക് ഒരു ഹരിതകവചമായി മാറിയിരിക്കയാണ് കാറ്റ്സ്‌ക്ലോ എന്ന വള്ളിച്ചെടി.
താഴെ വരാന്തയോട് ചേര്‍ന്ന് നട്ടുവളര്‍ത്തിയ ചെടി മുകളിലേക്ക് പടര്‍ത്തുകയായിരുന്നു.
സുരേഷിന്റെ ഭാര്യ ജയശ്രീയാണ് ഈ ദൗത്യം ഏറ്റെടുത്തത്. നാല് വര്‍ഷം കൊണ്ട് കാറ്റ്സ്‌ക്ലോ രണ്ടാംനിലയിലെ ബാല്‍ക്കണിക്ക് കുടചൂടിത്തുടങ്ങി.
ഇളം മഞ്ഞകളര്‍ പൂക്കളോടുകൂടിയ ചെടി കോണ്‍ക്രീറ്റ് മേല്‍ക്കൂരക്ക് മുകളിലേക്ക് പടര്‍ന്ന് താഴേക്ക് തൂങ്ങിക്കിടക്കുകയാണ്.
വീടിന് മുകളിലേക്ക് ചെടി വളര്‍ത്തുന്നത് പാമ്പുകള്‍ക്ക് കടന്നുകയറാന്‍ വഴിയൊരുക്കുമെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും കാറ്റ്സ്‌ക്ലോ ചെടിക്ക് മുകളിലേക്ക് പാമ്പുകള്‍ക്ക് വരാനാവില്ലെന്ന് സുരേഷ് പറയുന്നു.
ഇതേവരെ അത്തരത്തില്‍ യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നും ചൂടിനെ പ്രതിരോധിക്കാന്‍ കാറ്റ്സ്‌ക്ലോ വീടുകള്‍ക്ക് മുകളിലേക്ക് പടര്‍ത്തുന്നത് ഗുണകരമാണെന്ന് അനുഭവം തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രത്യേകിച്ച് യാതൊരുവിധ പരിചരണവും കൊടുക്കാതെ തന്നെ ഈ ചെടി എളുപ്പത്തില്‍ വളര്‍ന്നുവരും.
ഇപ്പോള്‍ വീടിന്റെ ബാല്‍ക്കണി നല്‍കുന്ന ശീതളിമ വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വികസിപ്പിക്കാനുള്ള ആലോചനയിലാണ് സുരേഷും കുടുംബവും.