കുഞ്ഞികൃഷ്ണന് വന്നു-കുറ്റ്യേരിയിലെ കോണ്‍ഗ്രസ് കലങ്ങുന്നു
.തളിപ്പറമ്പ്: കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസ് എസ്സിലേക്ക് കൂടുമാറിയ എന്‍.വി.കുഞ്ഞികൃഷ്ണന്റെ തിരിച്ചുവരവില്‍ കുറ്റ്യേരിയിലെ കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിയുന്നു.
ഡി.സി.സി. പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജിന്റെയും ജന.സെക്രട്ടെറി മുഹമ്മദ് ഫൈസലിന്റെയും ഏകാധിപത്യം അംഗീകരിക്കില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
പ്രതിഷേധസൂചകമായി പരിയാരത്ത് യൂത്ത് കോണ്‍ഗ്രസിലും കൂട്ടരാജി. യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി പ്രകാശന് പനങ്ങാട്ടൂര്‍, മണ്ഡലം സെക്രട്ടറി മനോജ് മാവിച്ചേരി, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായമുജീബ് ചെറിയൂര്,
കെ.വി.ഷിജു, കെ.സുഭാഷ് കുമാര്‍, കെ.പി.മുഹമ്മദലി, കെ.സുമേഷ്കുമാര്, സി.ബാബു, പി.വി.രേഷ്മ, എം. രാഹുല്‍, പി.രമ്യഎന്നിവരാണ് രാജിവെച്ചത്.
കുറ്റ്യേരിയിലെ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ 35 പേരും പ്രവര്‍ത്തകരായ 65 പേരും ഉള്‍പ്പെടെ നൂറോളം പേരാണ് രാജിവവെച്ചത്.
തങ്ങള്‍ സാധാരണപ്രവര്ത്തകരായി തുടരുമെന്നും ഇവര്‍ പറഞ്ഞു.
2016 ല്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് എസ്സില്‍ ലയിച്ചപ്പോള്‍ തളിപ്പറമ്പ് ടൗണ്‍ സ്ക്വയറില്‍ ചേര്‍ന്ന ലയനസമ്മേളനത്തില്‍ വെച്ച് അന്നത്തെ കെ.പി.സി.സി-ഡി.സി.സി പ്രസിഡന്റുമാരെയും
ഒരു വനിതാനേതാവിനെയും പരസ്യമായി ആക്ഷേപിച്ച കുഞ്ഞികൃഷ്ണനെ ഇതിന് നിരുപാധികം ക്ഷമപറയാതെ തിരിച്ച് പാര്‍ട്ടിയിലേക്ക് പ്രവേശിപ്പിക്കരുതെന്നതായിരുന്നു മണ്ഡലം കമ്മറ്റിയുടെ ആവശ്യം.
എന്നാല്‍ കെ.സി.വേണുഗോപാലിന്റെ ആശീര്‍വ്വാദത്തോടെ കുഞ്ഞികൃഷ്ണന് തിരിച്ചെത്തിയത് സാധാരണപ്രവര്‍ത്തകര്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ലെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്.