മുസ്ലിംലീഗ് പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളും-സംഘര്‍ഷം.

തളിപ്പറമ്പ്: പ്ലസ്ടു സീറ്റ് വര്‍ദ്ധനവില്‍ മലബാറിനോടുള്ള അവഗണനക്കെതിരെ മുസ്ലിംലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച നോര്‍ത്ത് എ ഇ ഒ ഓഫീസ് ഉപരോധത്തില്‍ സംഘര്‍ഷം.

ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും നടന്നു.

ഉപരോധം ഉദ്ഘാടനം കഴിഞ്ഞശേഷം യൂതത്‌ലീഗ് ജില്ലാ ജന.സെക്രട്ടെറി പി.സി.നസീറിനെ പോലീസ് ബലംപ്രയോഗിച്ച് നീക്കം ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.

പോലീസ് വാഹനത്തില്‍ കയറാന്‍ തയ്യാറാവാതെ പ്രവര്‍ത്തകര്‍ പോലീസിനോട് തട്ടിക്കയറി.

ഇതോടെ ഇരുവിഭാഗവും തമ്മില്‍ പരസ്പരം ഉന്തും തള്ളും നടന്നു.

പോലീസ് തികഞ്ഞ ആത്മസംയമനം പാലിക്കുകയും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയും ചെയ്തത്കണ്ട് മാത്രമാണ് കൂടുതല്‍ സംഘര്‍ഷം ഒഴിവായത്.

എ.ഇ.ഒ.ഓഫീസ് മാര്‍ച്ച് ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ഒ.പി.ഇബ്രാഹിം കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

സമദ് കടമ്പേരി സ്വാഗതം പറഞ്ഞു. പി.വി.അബ്ദുള്‍ ഷുക്കൂര്‍, കൊടിയില്‍ സലാം, നൗഷാദ് പുതുക്കണ്ടം എന്നിവര്‍ നേതൃത്വം നല്‍കി.

തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍, എസ്.ഐ.കെ.ഖദീജ, എസ്.ഐ.എം.രഘുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ഉപരോധം നേരിടാന്‍ ശക്തമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.