ക്രോസ്‌ബെല്‍റ്റ് മണി-മിടുമിടുക്കി മുതല്‍ കമാന്‍ഡര്‍ വരെ ഒരു കാലഘട്ടത്തിന്റെ യുവത്വം കാത്തിരുന്ന സിനിമകള്‍-

കരിമ്പം.കെ.പി.രാജീവന്‍-

      ക്രോസ്‌ബെല്‍റ്റ് മണി എന്ന പേര് കേള്‍ക്കുമ്പോള്‍ പുതിയ തലമുറയുടെ മനസില്‍ തെളിയുന്നത് ഒറ്റയാന്‍ എന്ന സില്‍ക്ക് സ്മിത ചിത്രമായിരിക്കും.

എണ്‍പതുകളുടെ മധ്യത്തില്‍ തുടങ്ങിയ ഒറ്റയാന്‍ മുന്നേറ്റം ഇന്നും ഒരു കാലഘട്ടത്തിന്റെ തിളക്കുന്ന ഓര്‍മ്മകളാണ്.

തുടര്‍ന്ന് നിരവധി സ്റ്റണ്ട്-സെക്‌സ് ചിത്രങ്ങള്‍ ക്രോസ്‌ബെല്‍റ്റ് മണിയുടെ പേരില്‍ പുറത്തുവന്നു.

1990 ലെ കമാന്‍ഡര്‍ എന്ന ചിത്രത്തോടെ അദ്ദേഹം നിശബ്ദനായി. കഴിഞ്ഞ 21 വര്‍ഷമായി ഒരു സിനിമയും ചെയ്യാതിരുന്ന ക്രോസ്‌ബെല്‍റ്റ് മണി എന്ന വേലായുധന്‍ നായര്‍ മലയാളത്തിലെ ഒരുപിടി മികച്ച സിനിമകളുടെ സംവിധായകന്‍ തന്നെയാണ്.

പ്രശസ്ത സംവിധായകന്‍ ജോഷിയുടെ ഗുരുനാഥനായ മണി എന്നെന്നും ഓര്‍ക്കാവുന്ന പത്തോളം സിനിമകളുടെ സംവിധായകനാണ്.

എണ്‍പതുകളില്‍ ട്രെന്റുകളുടെ പിറകെ പോയെങ്കിലും 1989 ല്‍ ശരത്ചന്ദ്രചാറ്റര്‍ജിയുടെ പ്രശസ്ത ബംഗാളി നോവല്‍ ദേവദാസ് ചലച്ചിത്രമാക്കിയെങ്കിലും ശ്രദ്ധിക്കപ്പെടാതെപോയത് വല്ലാതെ തളര്‍ത്തിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മികച്ച പാട്ടുകളുള്ള ഈ സിനിമ കാലംതെറ്റി റിലീസായതാണ് വിനയായി മാറിയത്. പിന്നീട് വീണ്ടും സ്റ്റണ്ട് ചിത്രമായ കമാന്‍ഡറുമായി വന്നുവെങ്കിലും മാറിയ പ്രേക്ഷകര്‍ക്കുമുന്നില്‍ അതും ശ്രദ്ധിക്കപ്പെടാതെപോയി.

34 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്.
നല്ല സിനിമാ സ്വപ്‌നങ്ങളുമായി തന്നെയാണ് മണി സിനിമാജീവിതം ആരംഭിച്ചത്.

1968 ല്‍ പ്രശസ്ത നോവലിസ്റ്റ് കെ.ജി.സേതുനാഥിന്റെ മിടുമിടുക്കി എന്ന നോവല്‍ അദ്ദേഹത്തെക്കൊണ്ടുതന്നെ തിരക്കഥാ സംഭാഷണങ്ങളെഴുതിച്ച് സംവിധാനം ചെയ്തായിരുന്നു തുടക്കം.

ഈ ചിത്രത്തിലെ  അകലെയകലെ നീലാകാശം—-എന്ന ഗാനം ഇന്നും മലയാളികളുടെ മനസിലുണ്ട്.

1970 ല്‍ എന്‍.എന്‍.പിള്ളയുടെ പ്രശസ്ത നാടകം ക്രോസ്‌ബെല്‍റ്റ് സംവിധാനം ചെയ്തു. എന്‍.എന്‍.പിള്ളയുടേത് തന്നെയായിരുന്നു തിരക്കഥയും സംഭാഷണവും.

രാജശേഖരന്‍നായര്‍ എന്ന നായകകഥാപാത്രമായി സത്യന്‍ നിറഞ്ഞാടിയ സിനിമ ഏറെ പ്രേക്ഷകപ്രീതി നേടി.

1972 ല്‍ പ്രേംനസീര്‍, മധു എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി മനുഷ്യബന്ധങ്ങള്‍ എന്ന കുടുംബചിത്രം സംവിധാനം ചെയ്തു.

കടവൂര്‍.ജി.ചന്ദ്രന്‍പിള്ളയുടെ പ്രശസ്ത നാടകം പുത്രകാമേഷ്ടിയും അതേ വര്‍ഷം തന്നെ ചലച്ചിത്രമാക്കി.

എസ്.കെ.പൊറ്റക്കാട്ടിന്റെ ജനപ്രിയനോവല്‍ നാടന്‍പ്രേമം ആ വര്‍ഷം തന്നെ മണിയുടെ സംവിധാനത്തില്‍ ചലച്ചിത്രമായി.

ഷീലയും ഭര്‍ത്താവ് രവിചന്ദ്രനും അഭിനയിച്ച ശക്തിയും 1972 ല്‍ പുറത്തുവന്നു.

എന്‍.എന്‍.പിള്ളയുടെ കാപാലിക എന്ന നാടകം ഷീലയെ മുഖ്യകാഥാപാത്രമാക്കി 1973 ല്‍ സംവിധാനം ചെയ്തു.

മലയാള സിനിമയുടെ ചരിത്രത്തില്‍ പോസ്റ്ററുകളില്‍ ഏറ്റവും കൂടുതല്‍ വലുപ്പത്തില്‍ എ(അഡല്‍ട്‌സ് ഓണ്‍ലി) എന്ന അച്ചടിച്ചത് ഈ സിനിമയിലായിരുന്നു.

1974 ല്‍ ഡോ.ബാലകൃഷ്ണന്റെ തിരക്കഥയില്‍ നടീനടന്മാരെ ആവശ്യമുണ്ട് എന്ന മുഴുനീള ഹാസ്യചിത്രമാണ് മണി സംവിധാനം ചെയ്തത്.

കാപാലികയിലൂടെ ഉണ്ടായ നെഗറ്റീവ് ഇമേജ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സിനിമ പുറത്തിറക്കിയത്.

1975 ല്‍ കാക്കനാടന്റെ രചനയില്‍ വെളിച്ചം അകലെ, അതേ വര്‍ഷം തന്നെ പെണ്‍പട എന്നിവയും സംവിധാനം ചെയ്തു.

1975 ല്‍ എം.പി.നാരായണപിള്ളയുടെ കഥയെ ആസ്പദമാക്കി കാക്കനാടന്റെ തിരക്കഥയില്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്തു.

 വെട്ടൂര്‍ പുരുഷന്‍ എന്ന കുള്ളനെ ആദ്യമായി നായകനാക്കിയ സിനിമ ഇതായിരുന്നു.

ഡോ.ബാലകൃഷ്ണന്റെ തിരക്കഥയില്‍ താമരത്തോണി, 1976 ല്‍ ചോറ്റാനിക്കര അമ്മ എന്ന പുണ്യപുരാണചിത്രവുമായി വന്ന് മണി മലയാളത്തെ വീണ്ടും ഞെട്ടിച്ചു.

മനസുമനസിന്റെ കാതില്‍—-എന്ന് തുടങ്ങുന്ന ഹിറ്റ്ഗാനം ഈ സിനിമയിലാണ്.

ഈ വര്‍ഷം തന്നെ കാക്കനാടന്റെ തിരക്കഥയില്‍ യുദ്ധഭൂമി എന്ന സിനിമയും പുറത്തുവന്നു. ആഷാഢമാസം—എന്ന ഹിറ്റ്ഗാനം ഈ സിനിമയിലാണ്.

വിക്ടര്‍ഹ്യൂഗോയുടെ പ്രശസ്ത നോവല്‍ പാവങ്ങള്‍ 1977 ല്‍ മണിയുേെട സംവിധാനത്തില്‍ സിനിമാരൂപത്തില്‍ മലയാളത്തിലെത്തി.

മധു നായകനായ നീതിപീഠം. സ്ത്രീകളെ അമാനുഷ ശക്തിയുള്ളവരാക്കി അവതരിപ്പിച്ച് പെണ്‍പുലി(1977), പട്ടാളം ജാനകി(1977) എന്നീ സിനിമകള്‍ മണിയുടെ സംവിധാനത്തില്‍ പുറത്തുവന്നതും ഈ വര്‍ഷം തന്നെ.

1978 ല്‍ ബ്ലാക്ക്‌ബെല്‍റ്റ്, 1979 ല്‍ പഞ്ചരത്‌നം, 1980 ല്‍ കാക്കനാടന്റെ രചനയില്‍ യവ്വനംദാഹം എന്നീ സിനിമകള്‍ റിലീസായി.

പീന്നീട് മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം 1983 ല്‍ ശങ്കര്‍, രവീന്ദ്രന്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഈറ്റപ്പുലി എന്ന ചിത്രം സംവിധാനം ചെയ്തപ്പോഴാണ് പേരിനോടൊപ്പം അദ്ദേഹം ക്രോസ്‌ബെല്‍റ്റ് എന്ന് ചേര്‍ത്തുതുടങ്ങിയത്.

പിന്നീട് തിമംഗലം, ബുള്ളറ്റ്(1984), ചോരക്ക്‌ചോര(1985), ബ്ലാക്ക്‌മെയില്‍(1985), റവഞ്ച്(1985), ഒറ്റയാന്‍(1985), കുളമ്പടികള്‍(1986), പെണ്‍സിംഹം(1986), ഉരുക്കുമനുഷ്യന്‍(1986), നാരദന്‍ കേരളത്തില്‍(1987), ദേവദാസ്(1989), കമാന്‍ഡര്‍(1990) എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

മികച്ച ഛായാഗ്രാഹകന്‍ കൂടിയായ മണി ബുള്ളറ്റ് മുതല്‍ കമാന്‍ഡര്‍ വരെ 11 സിനിമകള്‍ക്ക് ക്യാമറയും കൈകാര്യം ചെയ്തിരുന്നു.

ഒരു കാലഘട്ടിലെ ഗ്ലാമര്‍താരവും മണിയുടെ സിനിമകളിലെ താരവുമായിരുന്ന രാജകോകിലയാണ് ഭാര്യ.