വിസ തട്ടിപ്പ്-തായത്തലിക്കെതിരെ പരിയാരത്തും കേസ്.

പരിയാരം: വ്യാജ വിസയും ടിക്കറ്റും നല്‍കി വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസില്‍ ബേപ്പൂരില്‍ അറസ്റ്റിലായ പ്രതി തില്ലങ്കേരിയിലെ അലിക്കെതിരെ (തായത്തലി-56) പരിയാരത്തും കേസ്.

പാണപ്പുഴ പറവൂരിലെ മനീഷിന് വിസ വാഗ്ദാനം ചെയ്ത് 50,000 രൂപ വാങ്ങി തിരിച്ചുകൊടുക്കാതെ വഞ്ചിച്ചതായ പരാതിയിലാണ് കേസ്.

ബേപ്പൂര്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനില്‍നിന്ന് 80,000 രൂപ തട്ടിയ കേസില്‍ അറസ്റ്റഇലായ അലി ഇപ്പോള്‍ റിമാന്‍ഡിലാണ്.

പത്രവാര്‍ത്തകള്‍ കണ്ടതിനെ തുടര്‍ന്നാണ് മനീഷ് ഇന്നലെ പരിയാരം പോലീസില്‍ പരാതി നല്‍കിയത്.

തായത്തലിക്കെതിരെ പരിയാരം പോലീസ് വഞ്ചനകുറ്റത്തിന് കേസെടുത്തു.

വിസ തട്ടിപ്പില്‍ അലിക്കെതിരെ ഫറോക്കിലും നിലമ്പൂരിലുമായി മുപ്പതിലധികം വഞ്ചനാ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

നേരത്തെ കാസര്‍കോട്ടായിരുന്ന ഇയാളിപ്പോള്‍ മീഞ്ചന്തയിലാണ് താമസം.

വ്യക്തിബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയും ഓള്‍ കേരള ഹജ്ജ് വെല്‍ഫെയര്‍ കമ്മിറ്റി സംസ്ഥാന അധ്യക്ഷനാണെന്ന് പരിചയപ്പെടുത്തിയുമാണ് തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.