തൊണ്ണൂറിലെത്തിയിട്ടും ഊര്‍ജ്ജസ്വലനായി കൃഷ്‌ണേട്ടന്‍ ഇവിടെയുണ്ട്-

 

കരിമ്പം.കെ.പി.രാജീവന്‍-

പരിയാരം: കൃഷ്‌ണേട്ടനില്ലാതെ പരിയാരത്തെ കണ്ണൂര്‍
ഗവ.മെഡിക്കല്‍ കോളേജില്‍ എന്താഘോഷം-

മെഡിക്കല്‍ കോളേജിലെ സ്ഥിരം അന്തേവാസി തൊണ്ണൂറിലേക്ക് കടന്ന കൃഷ്‌ണേട്ടന്‍ കഴിഞ്ഞ ഒക്ടോബര്‍ 31 ന് നടന്ന സി.വി.ജനാര്‍ദ്ദനന്റെ യാത്രയയപ്പ് ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചും ശ്രദ്ധേയനായി.

ജീവകാരുണ്യപ്രവര്‍ത്തകന്‍ കൂടിയായ ജനാര്‍ദ്ദന്റെ യാത്രയയപ്പ് ചടങ്ങില്‍ പഴയ ഓര്‍മ്മകള്‍ കൃഷ്‌ണേട്ടന്‍ അയവിറക്കി. മെഡിക്കല്‍ കോളേജില്‍ എത്തുന്നവരുടെയെല്ലാം ശ്രദ്ധയാകര്‍ഷിക്കുന്ന വ്യക്തിത്വമാണ് ഇദ്ദേഹം.

പരിയാരത്ത് ടി.ബി.സാനിട്ടോറിയം പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരുപോലെ സഹായിയായിരുന്നു കടന്നപ്പള്ളി തെക്കേക്കര സ്വദേശിയായ എം.വി.കൃഷ്ണന്‍ എന്ന കൃഷ്‌ണേട്ടന്‍.

അക്കാലം മുതല്‍ തന്നെ ഭക്ഷണവും താമസവുമെല്ലാം ടി.ബി.സാനിട്ടോറിയത്തില്‍ തന്നെയായിരുന്നു.

1993 ല്‍ പരിയാരം മെഡിക്കല്‍ കോളേജിന് വേണ്ടി സാനിട്ടോറിയം അടച്ചുപൂട്ടിയതുമുതല്‍ കൃഷ്‌ണേട്ടന്‍ മെഡിക്കല്‍ കോളേജിന്റെ ഭാഗമായി മാറി.

എല്ലാ ദിവസവും രാവിലെ കടന്നപ്പള്ളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെത്തി കുളിച്ച് പ്രാര്‍ത്ഥിച്ചാണ് മെഡിക്കല്‍ കോളേജിലെത്തിയിരുന്നതെങ്കിലും, ഇപ്പോള്‍ ശാരീരിക പ്രശ്‌നങ്ങള്‍ കാരണം കുളി മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെയാണ്.

ഇവിടെ നടക്കുന്ന എല്ലാ പരിപാടികളിലും ഷര്‍ട്ടിടാത്ത കൃഷ്‌ണേട്ടന്റെ സജീവ സാന്നിധ്യമുണ്ടാവും. മെഡിക്കല്‍ കോളേജ് കാന്റീനില്‍ നിന്ന് സൗജന്യഭക്ഷണം ലഭിക്കുന്ന ഇദ്ദേഹം ആരോടും സാമ്പത്തിക സഹായം ആവശ്യപ്പെടാറില്ല.

ആരെങ്കിലും മനസറിഞ്ഞ് എന്തെങ്കിലും നല്‍കിയാല്‍ അത് സെക്യൂരിറ്റി ജീവനക്കാരുടെ സഹായത്തോടെ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലെ ദൈനംദിന അക്കൗണ്ടിലാണ് നിക്ഷേപിക്കുക.

വിശേഷ ദിവസങ്ങളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഷര്‍ട്ടും മുണ്ടും വാങ്ങിനല്‍കാറുണ്ടെങ്കിലും ചടങ്ങില്‍ മാത്രമേ ഷര്‍ട്ട് ധരിക്കൂ, തോര്‍ത്തും മുണ്ടും തന്നെയാണ് കൃഷ്‌ണേട്ടന്റെ ഇഷ്ടവേഷം.

വര്‍ഷങ്ങളോളം ടി.ബി.സിനിട്ടോറിയത്തില്‍ രോഗികള്‍ക്ക് സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ടി.ബി.രോഗം ബാധിക്കാതിരുന്ന കൃഷ്‌ണേട്ടനെ എട്ട്മാസം മുമ്പ് കോവിഡ് പിടികൂടിയെങ്കിലും മെഡിക്കല്‍ കോളേജിലെ ചികില്‍സകൊണ്ട് രോഗവിമുക്തനായി.

കോവിഡ് ബാധിച്ച മറ്റുള്ളവര്‍ക്കുണ്ടായ യാതൊരുവിധ ശാരീരിക അവശതകളും ഇദ്ദേഹത്തെ ബാധിച്ചിട്ടില്ല.

ഇപ്പോഴും മെഡിക്കല്‍ കോളേജിലും പരിസരത്തും സജീവമായി ജീവിക്കുന്ന കൃഷ്‌ണേട്ടന്‍ 90 വയസിലേക്ക് കടന്നിരിക്കയാണ്. ഇതിനിടയില്‍ വാഹനാപകടത്തിലും മറ്റ് ചില അപകടങ്ങളിലും പരിക്കേറ്റുവെങ്കിലും ചികില്‍സ കൊണ്ട് തിരികെ ജീവിതത്തിലെത്തുകയായിരുന്നു.

ഏക സഹോദരന്‍ കണ്ണന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട ശേഷം മെഡിക്കല്‍ കോളേജും അവിടത്തെ വിദ്യാര്‍ത്ഥികളും ജീവനക്കാരും തന്നെയാണ് കൃഷ്‌ണേട്ടന്റെ ബന്ധുക്കള്‍.