ദേശീയപാത ഇരട്ടിപ്പിക്കല്‍-സര്‍വീസ് റോഡുകളില്‍ അപകടം പതിവായി.
പിലാത്തറ:ദേശീയ പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിയുടെ ഭാഗമായി ഗതാഗതം സൗകര്യം പരിമിതപ്പെടുത്തുകയും വഴി തിരിച്ച് വിടുകയും ചെയ്ത തോടെ വാഹനയാത്ര ദുരിതമായി.

റോഡില്‍ സൗകര്യമില്ലാതാകുകയും തുറന്ന് കൊടുത്ത താല്കാലിക റോഡുകളുടെ ശോച്യാവസ്ഥയും യാത്ര പ്രയാസകരമാക്കുകയാണ്.
വെയിലില്‍ പൊടിശല്യവും മഴയില്‍ ചെളിയും കൊണ്ട് യാത്രക്കാര്‍ പൊറുതിമുട്ടുകയാണ്.
വശങ്ങളിലെ കുഴികളും പ്രവൃത്തിയുടെ സാധന സാമഗ്രികള്‍ അലക്ഷ്യമായി കൂട്ടിയിടുന്നതും വാഹനങ്ങള്‍ക്ക് അപകടക്കെണിയാകുന്നു.
ചെറിയ വാഹനാപകടങ്ങള്‍ ഇല്ലാത്ത ദിവസം കുറവാണ്. എടാട്ട് പയ്യന്നൂര്‍ കോളേജ് സ്റ്റോപ്പിനടുത്ത് ഞായറാഴ്ച്ച ഇരു കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി.
ഭാഗ്യം കൊണ്ട് മാത്രം യാത്രക്കാര്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം കേന്ദ്രീയ വിദ്യാലയം സ്റ്റോപ്പിനടുത്ത് കാര്‍ നിര്‍മ്മാണം നടക്കുന്ന ഓവുചാലിലേക്ക് തെന്നി വീണു.
താല്‍ക്കാലികമായി തുറന്നു കൊടുത്ത സര്‍വ്വീസ് റോഡുകള്‍ പലയിടത്തും പൊട്ടിപൊളിഞ്ഞ നിലയിലുമാണ്.
ഈ വീതി കുറഞ്ഞ റോഡില്‍ ഓവര്‍ ടേക്കിംഗും ഇടതു വശത്തുകൂടി ഇരുചക്ര വാഹനങ്ങള്‍ അമിത വേഗതയില്‍ ഓടിച്ചു പോകുന്നതും നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
പരിയാരം, വിളയാങ്കോട്, പിലാത്തറ, ഏഴിലോട്, എടാട്ട് ഭാഗങ്ങളിലെല്ലാം സര്‍വീസ് റോഡുകളും അനുബന്ധ റോഡുകളും ഇത്തരത്തില്‍ അപകട ഭീഷണി ഉയര്‍ത്തുന്നു.
ഇരു ഭാഗങ്ങള്‍ തമ്മില്‍ ബന്ധപ്പെടാനും സൗകര്യമില്ലാതെ വാഹനങ്ങള്‍ വട്ടം കറങ്ങുന്ന അവസ്ഥയാണ്.
