സ്‌നേഹയും മുഹമ്മദ് മഷ്ഹൂദും അറസ്റ്റില്‍-മാരകലഹരി വസ്തുവായ മെത്താംഫിറ്റാമിനും കഞ്ചാവും പിടിച്ചു

തളിപ്പറമ്പ്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.വിപിന്‍കുമാറും സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ലഹരിയുമായി 26 വയസ്സുള്ള യുവതിയും യുവാവും പിടിയിലായി.

എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിക്കിടയിലാണ് അഴീക്കോട് സ്വദേശിനി സ്‌നേഹ, തളിപ്പറമ്പ് കുറ്റ്യേരി പൂവ്വം സ്വദേശി പി.മുഹമ്മദ് മഷ്ഹൂദ് എന്നിവര്‍ പിടിയിലായത്.

കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിക്കിടെ തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘത്തെ കണ്ട് പതറി വണ്ടി നിര്‍ത്തി കടന്നു കളയാന്‍ ഭാവിച്ച മഷ്ഹൂദിനെ അതി സാഹസികമയാണ് എക്സൈസ് സംഘം പിന്തുടര്‍ന്ന് പിടികൂടിയത്.

ഇയാളില്‍ നിന്ന് 493 മില്ലിഗ്രാം മെത്താംഫിറ്റാമിനും ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ നിന്ന് 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

യുവതിയുടെ പേരിലുള്ള സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

തളിപ്പറമ്പ് ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ മഷ്ഹൂദ് പലപ്പോഴായി ഇടനിലക്കാരെ ഉപയോഗിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് എക്‌സൈസ് പറഞ്ഞു.

മുഖ്യമായും സ്ത്രീകളെ ഉപയോഗിച്ച് വില്‍പ്പന നടത്തുന്ന പ്രതി ഏറെ നാളായി എക്സൈസ് നിരീക്ഷണത്തിലാണ്.

വിവാഹിതനാണെങ്കിലും പ്രതി മയക്കുമരുന്ന് ഇടപാട് നടത്തുന്നതിന് പല സ്ത്രീകളുമായും ബന്ധം സ്ഥാപിച്ചിരുന്നു.

ചോദ്യം ചെയ്തതില്‍ നിന്നും ഇയാള്‍ക്ക് ലഹരി വസ്തുക്കള്‍ കൈമാറ്റം ചെയ്ത ആളുകളുടെയും, സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നവരുടെയും വിവരങ്ങള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ട്.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൂട്ടാളികളും വലയിലാവുമെന്നാണ് എക്‌സൈസിന്റെ പ്രതീക്ഷ.

ഇന്‍സ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍ കെ.കെ.രാജേന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് വി.അബ്ദുള്‍ ലത്തീഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഉല്ലാസ് ജോസ്, വി.ധനേഷ്, പി.പി.റെനില്‍ കൃഷ്ണന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.പി.അനു, എക്‌സൈസ് ഡ്രൈവര്‍ സി.വി.അനില്‍ കുമാര്‍എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.