തച്ചോളിമരുമകന്‍ചന്തു-പി.ഭാസ്‌ക്കരന്റെ വടക്കന്‍പാട്ട് ചിത്രം-@49.

വയലാര്‍ ഗര്‍ജ്ജിക്കുന്നു, കരവാള്‍ തുടങ്ങിയ വിപ്ലവഗാന സമാഹാരങ്ങളിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി ജീവിതം തുടങ്ങിയ പി.ഭാസ്‌ക്കരന്‍ പിന്നീട് ഗാനരചയിതാവ്, സംവിധായകന്‍, നിര്‍മ്മാതാവ്, ഗായകന്‍, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലൊക്കെ ശ്രദ്ധേയനായി.

47 സിനിമകള്‍ സംവിധാനം ചെയ്തു, 10 സിനിമകള്‍ നിര്‍മ്മിച്ചു, 7 സിനിമകളില്‍ അഭിനയിച്ചു.

 308 സിനിമകള്‍ക്ക് വേണ്ടി 1500 പാട്ടുകള്‍ എഴുതി. കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിച്ചു.


കമ്യൂണിസത്തിന്റെ പൊള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞ് രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു. അവസാനകാലത്ത് കോണ്‍ഗ്രസ് സഹയാത്രികനായി മാറി.

1962 ല്‍ ലൈലാമജ്‌നു, ഭാഗ്യജാതകം എന്നീ സിനിമകളാണ് നിര്‍മ്മിച്ചത്.

63 ല്‍ അമ്മയെ കാണാന്‍, 64 ല്‍ ആദ്യകിരണങ്ങള്‍, 72 ല്‍ ആറടി മണ്ണിന്റെ ജന്‍മി, 73 ല്‍ രാക്കുയില്‍, 74 ല്‍ തച്ചോളി മരുമകന്‍ ചന്തു, 77 ല്‍ ശ്രീമദ് ഭഗവത്ഗീത, ജഗത്ഗുരു ആദിശങ്കരന്‍, 79 ല്‍ കൈവഴികള്‍ പിരിയുന്നു.

ഇതില്‍ രാക്കുയില്‍ എന്ന ഹൊറര്‍ സസ്‌പെന്‍സ് ചിത്രത്തിന് കഥ, രിരക്കഥ, സംഭാഷണം രചിച്ചത് പി.ഭാസ്‌ക്കരനാണ്. സംവിധാനം പി.വിജയന്‍. കൈവഴികള്‍ പിരിയുന്നു സംവിധായകന്‍ പി.ഗോപികുമാറാണ്.

സുചിത്രമഞ്ജരിയുടെ ബാനറില്‍ പി.ഭാസ്‌ക്കരന്‍ നിര്‍മ്മാണം, സംവിധാനം, ഗാനരചന നിര്‍വഹിച്ച സിനിമയാണ് തച്ചോളി മരുമകന്‍ ചന്തു.

പ്രേംനസീര്‍, കെ.പി.ഉമ്മര്‍, എം.ജി.സോമന്‍, ജയഭാരതി, ശ്രീവിദ്യ, അടൂര്‍ഭാസി, തിക്കുറിശി, ബഹദൂര്‍, ശങ്കരാടി, മുതുകുളം, എസ്.പി.പിള്ള, കവിയൂര്‍ പൊന്നമ്മ, ശ്രീലത,സുകുമാരി, ടി.ആര്‍.ഓമന, ഗോവിന്ദന്‍കുട്ടി, ബാലന്‍.കെ.നായര്‍, മുത്തയ്യ, മീന, ഫിലോമിന, സാന്റോ കൃഷ്ണന്‍ തുടങ്ങി വലിയൊരു താരനിരയാണ് സിനിമയിലുള്ളത്.

എന്‍.ഗോവിന്ദന്‍കുട്ടിയാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചത്.

യു.രാജഗോപാല്‍ ക്യാമറയും കെ.ശങ്കുണ്ണി എഡിറ്റിംഗും നിര്‍വ്വഹിച്ചു.

കലാസംവിധാനം എസ്.കൊന്നനാട്ട്, പരസ്യം എസ്.എ.നായര്‍.

രാജശ്രീ ഫിലിംസാണ് വിതരണക്കാര്‍.

ഉദയാ ഫിലിംസ് വടക്കന്‍ പാട്ട് സിനിമകള്‍ തങ്ങളുടെ കുത്തകയാക്കി നിലനിര്‍ത്തിയ കാലത്താണ് പി.ഭാസ്‌ക്കരന്‍ തച്ചോളി മരുമകന്‍ ചന്തു നിര്‍മ്മിച്ചത്.

ഗാനങ്ങള്‍(രചന-പി.ഭാസ്‌ക്കരന്‍-സംഗീതം-വി.ദക്ഷിണാമൂര്‍ത്തി)

1-ഇല്ലംനിറ വല്ലംനിറ-കല്യാണിമേനോന്‍

2-ഇന്ദുചൂഡന്‍ ഭഗവാന്റെ-എസ്.ജാനകി.

3-കന്നല്‍മിഴി കണിമലരേ-യേശുദാസ്, ജാനകി.

4-കുടകുമല കുന്നിമല-ശശിധരന്‍, അമ്പിളി.

5-ഒന്നാമന്‍ കൊച്ചുതുമ്പി-അമ്പിളി, ശ്രീലത

6-പച്ചമലക്കിളിയേ-ശ്രീലത.

7-തച്ചോളി ഓമന കുഞ്ഞിച്ചന്തു-ജയചന്ദ്രന്‍.

8-വടക്കിനിത്തളത്തിലെ-ജാനകി.

9-വൃശ്ചികപ്പൂനിലാവേ-യേശുദാസ്, ജാനകി.