ലക്ഷ്മണേട്ടന്‍ വെറും കര്‍ഷകനല്ല–ഞാറ്റടികളുടെ കാവലാളായ കര്‍ഷകന്‍-
Report-കരിമ്പം.കെ.പി.രാജീവന്‍-
പരിയാരം:സമയം രാത്രി 7 മണി. ചെറുതാഴം ശ്രീസ്ഥപാടശേഖരത്തില്‍ വയലിനു സമീപത്ത് തയ്യാറാക്കിയ താല്‍ക്കാലിക മാടത്തിലേക്ക് ഐ.വി. ലക്ഷ്മണന്‍ എന്ന കര്‍ഷകന്‍ എത്തി.
പായും തലയിണയും രാത്രി ഭക്ഷണവും കരുതിയിരുന്നു. ഞാറ്റടി പറിച്ചു നടാന്‍ പാകമാകുന്നത് വരെ ഇനി രാത്രികാല വാസം അവിടെയാണ്.
ഇല്ലെങ്കില്‍ രക്ഷയില്ല, എല്ലാം പന്നി നശിപ്പിക്കും. കഴിഞ്ഞ വര്‍ഷം 11 ഏക്കറില്‍ കൃഷി ചെയ്ത കര്‍ഷകനാണ് അദ്ദേഹം.
മികച്ച വിളവും ലഭിച്ചു. ഹെക്ടറില്‍ 8 ടണ്‍ വരെ വിളവ് കിട്ടിയതായി അദ്ദേഹം പറയുന്നു.
ശാസ്ത്രീയമായി കൃഷി ചെയ്താല്‍ കേവലം 4 മാസം കൊണ്ട് ഇത്രയും ലാഭം കിട്ടുന്ന മറ്റു കൃഷി വേറെ ഇല്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ഈ വര്‍ഷം 3 ഏക്കര്‍ കൂടി അധികം ചെയ്യാന്‍ നിലമൊരുക്കിയിട്ടുണ്ട്. എന്നാല്‍ ആദ്യം ഞാറ്റടിക്ക് വേണ്ടി ഇട്ട വിത്ത് മുഴുവന്‍ അനവസരത്തില്‍ പെയ്തമഴമൂലം നശിച്ചു.
കൃഷിഭവന്‍ നല്‍കിയ ഉമ വിത്തിന് പുറമെ പന്നിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ നിന്ന് കൊണ്ടുവന്ന അത്യുല്പാദന ശേഷിയുള്ള പൗര്‍ണമി വിത്തും ആദ്യം ഞാറ്റടി തയ്യാറാക്കാന്‍ ഉപയോഗിച്ചു. അതാണ് വെള്ളം കയറി നശിച്ചത്.
സമയം വൈകിയത് മൂലം ഹ്രസ്വകാല മൂപ്പുള്ള ജ്യോതിയാണ് പിന്നീട് ഞാറ്റടി തയ്യാറാക്കാന്‍ ഉപയോഗിച്ചത്.
മുളച്ചു വരാന്‍ തുടങ്ങുമ്പോഴാണ് കൂട്ടംകൂട്ടമായി കാട്ടുപന്നികളെത്തി നശിപ്പിക്കാന്‍ തുടങ്ങിയത്.
ഇനി ഒരു പന്നിയേയും ഞാറ്റടി നശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് ശപഥം ചെയ്തിരിക്കുകയാണ് അദ്ദേഹം.
രാത്രി 7 മണിമുതല്‍ പന്നികള്‍ എത്തിത്തുടങ്ങും എന്നാണ് ലക്ഷ്മണേട്ടന്‍ പറയുന്നത്.
തൊട്ടടുത്താണ് വീടെങ്കിലും ഏത് സമയത്തും പന്നികള്‍ എത്താം എന്നത് കൊണ്ടാണ് രാത്രി ഭക്ഷണവുമായാണ് കാവലിനെത്തുന്നത്.
പുലരുംവരെ ലക്ഷ്മണേട്ടന്‍ കാവലിരിക്കുകയാണ്, അന്നും തരാനുള്ള ഞാറ്റടികള്‍ക്ക് വേണ്ടി.