റോഡ് റീടാറിംഗ് നാളെ തുടങ്ങും, ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ഇടപെട്ടു, മേഘ പ്രശ്‌നത്തിന് പരിഹാരം

പിലാത്തറ: ദേശീയപാതപ്രവൃത്തിയുടെ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ കുളപ്പുറം ഒറന്നടത്ത്ചാലിലെ ലേബര്‍ ക്യാമ്പ് മാലിന്യ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് ധാരണ.

ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ ക്യാമ്പ് ഓഫിസില്‍ നടന്ന ചര്‍ച്ചയിലാണ് ഉടന്‍ പരിഹാരം കാണണമെന്ന് നിര്‍ദ്ദേശം വെച്ചത്.

ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ തുടങ്ങിയ അനിശ്ചിത ഉപരോധ സമരത്തെ തുടര്‍ന്ന് ആര്‍.ടി.ഒ. ഇ.പി.മേഴ്‌സി, പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ.വി.മനോജ്കുമാര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

തൊഴിലാളികള്‍ക്ക് മതിയായ അടിസ്ഥാന സൗകര്യം ഒരുക്കി മാലിന്യ പ്രശ്‌നത്തിന് പരിഹരിക്കാനും ലേബര്‍ ക്യാമ്പിലേക്ക് പണി സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ മൂലം തകര്‍ന്ന് കിടക്കുന്ന ഒറന്നിടത്ത്ചാല്‍-മണ്ടൂര്‍ നബാര്‍ഡ് റോഡ് അറ്റകുറ്റ പണി നടത്തിഗതാഗത യോഗ്യമാക്കണമെന്നും ധാരണയായി.

പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍, ടി.വി.ഉണ്ണികൃഷ്ണന്‍, ടി.വി.കുഞ്ഞിക്കണ്ണന്‍, സമരസമിതി കണ്‍വീനര്‍ കെ.വി.മുരളികൃഷ്ണന്‍, മേഘ കമ്പനി റിജിനല്‍ മാനേജര്‍ ടി.വി.സുധീര്‍മോഹന്‍, ജന.മാനേജര്‍ കെ.മുരളീധരന്‍, നിസാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ചര്‍ച്ചയെ തുടര്‍ന്ന് ഉപരോധ സമരം നിര്‍ത്തി വെച്ചതായി സമരസമിതി അറിയിച്ചു.

മേഘ കണ്‍സ്ട്രക്ഷന്‍ ലേബര്‍ ക്യാമ്പ് അടച്ചു പൂട്ടുക, മാലിന്യ പ്രശ്‌നം പരിഹരിക്കുക ജനജീവിതം സംരക്ഷിക്കുക, റോഡ് ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ മേഘ കണ്‍സ്ട്രക്ഷന്‍സിന്റെ കുളപ്പുറം ഒറന്നിടത്തു ചാലിലെ ലേബര്‍ ക്യാമ്പിന് മുമ്പില്‍ ഇന്ന് രാവിലെ 7 മണിക്ക് ജനകീയ സമരസമിതി ഭാരവാഹികളും പ്രദേശവാസികളും ക്യാമ്പ് ഉപരോധിച്ചത്.

വാഹനങ്ങള്‍ ഒന്നും തന്നെ പുറത്ത് ഇറക്കാന്‍ അനുവദിച്ചില്ല. ഉപരോധ സമരം സിപിഎം ചെറുതാഴം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി എ. മാധവന്‍ ഉദ്ഘാടനം ചെയ്തു.

കെ.വി.മുരളീകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി.വി.പത്മനാഭന്‍, സി.വി.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഉച്ചയോടെ തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സിയും, പയ്യന്നൂര്‍ തഹസില്‍ദാര്‍ എം.കെ.മനോജ് കുമാറും ക്യാമ്പിലെത്തി പരിശോധന നടത്തി.

തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളും ക്യാമ്പ് പരിസരങ്ങളും മലിനജലം കെട്ടി കിടക്കുന്ന സ്ഥലങ്ങളും പരിശോധിച്ചു. തുടര്‍ന്ന് ക്യാമ്പ് ഓഫീസില്‍ ആര്‍.ഡി.ഒ, തഹസില്‍ദാര്‍, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍, മേഘ കണ്‍സ്ട്രക്ഷന്‍സ് ഉദ്യോഗസ്ഥര്‍, ജനകീയ സമര സമിതി ഭാരവാഹികള്‍ എന്നിവര്‍ ചര്‍ച്ച നടത്തി.

പ്രശ്‌നം ഗുരുതരമായതിനാല്‍ അടിയന്തിരമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആര്‍.ഡി.ഒ ക്യാമ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്ലാസ്റ്റിക്ക് കത്തിക്കുന്നത് തടയാനും അവശേഖരിച്ച് പഞ്ചായത്ത് നല്‍കിയ ബാസ്‌ക്കറ്റുകളില്‍ നിക്ഷേപിക്കാനും ഹരിതകര്‍മ്മ സേനയ്ക്ക് നല്‍കുന്നതിനും നിര്‍ദ്ദേശം നല്‍കി.

തകര്‍ന്ന് കിടക്കുന്ന റോഡ് നാളെ തന്നെ റീ ടാറിങ്ങ് ചെയ്യുമെന്നും ലേബര്‍ ക്യാമ്പിനകത്ത് തൊഴിലാളികള്‍ക്ക് പുതിയ ശുചിമുറികള്‍ നിര്‍മ്മിക്കുമെന്നും മലിനജലം ഒഴുകുന്നത് തടയാന്‍ പുതിയ ടാങ്ക്

ഉള്‍പ്പടെ നിര്‍മ്മിക്കുമെന്നും നാട്ടുകാരുടെ സുരക്ഷിതത്വവും ക്യാമ്പിലെ തൊഴിലാളികളുടെ ക്ഷേമവും ഉറപ്പു വരുത്തുമെന്ന് അധികൃതര്‍ ആര്‍.ഡി.ഒ ക്ക് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉപരോധ സമരം അവസാനിപ്പിക്കുകയും ചെയ്തു.

ടി.വി.ഉണ്ണികൃഷ്ണന്‍, ടി.വി.കുഞ്ഞിക്കണ്ണന്‍, കെ.വി.മുരളീകൃഷ്ണന്‍, എ. മാധവന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.