ഈറ്റ-മലയാളത്തിന്റെ മുഖച്ഛായമാറ്റിയ ഐ.വി.ശശി ചിത്രം-
മലയാള സിനിമയില്‍ മുഖവുര ആവശ്യമില്ലാത്ത നിര്‍മാതാണ് പാലാ സ്വദേശി ചെറുപുഷ്പം ജോസുകുട്ടി.
1976 ല്‍ എ.വിന്‍സെന്റ് സംവിധാനം ചെയ്ത അനാവരണം ആദ്യത്തെ സിനിമ. സത്താറിനെ നായകനായി അവതരിപ്പിച്ചുകൊണ്ടാണ് ഈ സിനിമ നിര്‍മ്മിച്ചത്. സിനിമ വലിയ വിജയം നേടിയെടുത്തു.
1977 ല്‍ ഐ.വി.ശശിയുടെ സംവിധാനത്തില്‍ ആ നിമിഷം. 78 ല്‍ ഈറ്റ, 1981 ല്‍ ഭരതന്‍ സംവിധാനം ചെയ്ത നിദ്ര(ശാന്തികൃഷ്ണയേയും വിജയ് മേനോനെയും നായികാനായകന്‍മാരാക്കി),
82 ല്‍ ഐ.വി.ശശിയുടെ സഹായി റഷീദ് കാരാപ്പുഴയെ സംവിധായകനാക്കി വീട്, 83 ല്‍ പി.ജി.വിശ്വംഭരന്റെ സംവിധാനത്തില്‍ ഹിമവാഹിനി, 84 ല്‍ ഐ.വി.ശശിയുടെ കാണാമറയത്ത്, 84 ല്‍ സ്വന്തമെവിടെ ബന്ധമെവിടെ(ശശികുമാര്‍), 85 ല്‍ അക്കച്ചീടെ കുഞ്ഞുവാവ(സാജന്‍), 85 ല്‍ മൗനനൊമ്പരം(ശശികുമാര്‍), 86 ല്‍ ഇതിലെ ഇനിയും വരൂ(പി.ജി.വിശ്വംഭരന്‍),
86 ല്‍ അകലങ്ങളില്‍(ശശികുമാര്‍), 88 ല്‍ അനുരാഗി(ഐ.വി.ശശി), 90 ല്‍ പാവം പാവം രാജകുമാരന്‍(കമല്‍), 1994 ല്‍ ബിജുമേനോനെ നായകനാക്കി പുത്രന്‍(ജൂഡ് അട്ടിപ്പേറ്റി).
മലയാള സിനിമകളുടെ നിര്‍മ്മാണത്തില്‍ എല്ലാവിധ സഹായങ്ങളുമായി ഇദ്ദേഹം രംഗത്തുണ്ടായിരുന്നു.
ഈറ്റ-
1977 ല്‍ ആ നിമിഷം സംവിധാനം ചെയ്ത ഐ.വി.ശശിയെ സംവിധായകനാക്കി 78 ല്‍ ഈസ്റ്റ്മാന്‍കളറില്‍ നിര്‍മ്മിച്ച സിനിമയാണ് ഈറ്റ.
ഷെരീഫ്-ഐ.വി.ശശി ബന്ധം ശക്തമായി നിലനില്‍ക്കുന്ന സമയമായിരുന്നു അത്.
1975 ല്‍ ശശിയുടെ ആദ്യചിത്രമായ ഉല്‍സവം മുതല്‍ നിരവധി സിനിമകള്‍ക്ക് ഷെരീഫ് തിരക്കഥയെഴുതിയിരുന്നു. (പിന്നീട് അകന്ന ഇരുവരെയും ഒന്നിപ്പിച്ച് അനുരാഗി എന്ന ചിത്രം 1988 ല്‍ ചെറുപുഷ്പം നിര്‍മ്മിക്കുകയും ചെയ്തു).
അന്ന് ജനയുഗം വാരികയില്‍ പ്രസിദ്ധീകരിച്ച ഈറ്റ എന്ന രാജാമണിയുടെ നോവല്‍ ഷെരീഫ് ഐ.വി.ശശിയുടെ ശ്രദ്ധയില്‍പെടുത്തി.
ഈറ്റവെട്ട് തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചുള്ള ഈ നോവലില്‍ നല്ലൊരു സിനിമയുണ്ടെന്ന് മനസിലാക്കിയ ശശി ഷെരീഫിനോട് തിരക്കഥ എഴുതാന്‍ ആവശ്യപ്പെട്ടു.
മധു, കമലഹാസന്‍, സോമന്‍, ജോസ് പ്രകാശ്, ശങ്കരാടി, കുതിരവട്ടം പപ്പു, കവിയൂര്‍പൊന്നമ്മ, ജനാര്‍ദ്ദനന്‍, ഷീല, സീമ, തൊടുപുഴ രാധാകൃഷ്ണന്‍, പി.ആര്‍.മേനോന്‍, പ്രേംപ്രകാശ്, മീന, കോട്ടയം ശാന്ത എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്.
എം.ജി.സോമനാണ് പ്രധാന വില്ലനായി അഭിനയിച്ചത്. സോമന്റെ മികച്ച വില്ലന്‍ കഥാപാത്രങ്ങളിലൊന്നായിരുന്ന ഈറ്റയിലെ ഗോപാലന്‍.
സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ് പ്രദര്‍ശനത്തിനെത്തിച്ച സിനിമയുടെ ക്യാമറ സി.രാമചന്ദ്രമേനോന്‍, എഡിറ്റര്‍-കെ.നാരായണന്‍, കല നാരായണന്‍കുട്ടി, പരസ്യം കുര്യന്‍ വര്‍ണശാല. യൂസുഫലിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ദേവരാജന്‍.
ദേവരാജന്റെ മികച്ച 10 പാട്ടുകളില്‍ ഒന്ന് ഈറ്റയിലെ മുറുക്കുച്ചുവന്നതോ എന്നതായിരിക്കും.
മോശമല്ലാത്ത വിധത്തില്‍ സെക്‌സ് ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അത് അരോചകമാവാത്തതിനാല്‍ നിരവധി കുടംബപ്രേക്ഷകരും എത്തിയ സിനിമ വലിയ സാമ്പത്തിക വിജയമായി.
വിവിധ ഭാഷകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചു. 1978 നവംബര്‍-10-ാണ് 45 വര്‍ഷം മുമ്പ് സിനിമ പ്രദര്‍ശനത്തിനെത്തിയത്.
ഗാനങ്ങള്‍-
1-മലയാറ്റൂര്‍ മലഞ്ചെരിവിലെ-യേശുദാസ്, പി.സുശീല.
2-മുറുക്കിച്ചുവന്നതോ-യേശുദാസ്.
3-ഓടിവിളയാടിവാ-മാധുരി.
4-തുള്ളിക്കൊരുകുടം-യേശുദാസ്, മാധുരി.