ബി.ജെ.പിയിലേക്ക് മുസ്ലിങ്ങളെ എത്തിക്കുന്ന പാലമാവാന്‍ താല്‍പര്യമില്ലാത്തതിനെ തുടര്‍ന്നാണ് രാജിവെച്ചതെന്ന് രാമസിംഹന്‍.

തളിപ്പറമ്പ്: ബി.ജെ.പിയിലേക്ക് മുസ്ലിങ്ങളെ എത്തിക്കാനുള്ള പാലമാവാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് തനിക്ക് ബി.ജെ.പിയില്‍ നിന്ന് രാജിവെക്കേണ്ടി വന്നതെന്ന് ചലച്ചിത്ര സംവിധായകന്‍ രാമസിംഹന്‍(അലി അക്ബര്‍).

ആധ്യാത്മിക പ്രഭാഷകനും എഴുത്തുകാരനുമായ എം.ജി.വിനോദ് രചിച്ച ശബരിമല സര്‍വ്വസ്വം പുസ്തക പ്രകാശനം തളിപ്പറമ്പ് ചിന്‍മയ വിദ്യാലയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു സമൂഹത്തിലെ ജാതിവ്യവസ്ഥകളാണ് ഹിന്ദു ഐക്യത്തിന് തടസം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോഹനന്‍ നൊച്ചാട്ട് വടകര അധ്യക്ഷത വഹിച്ചു. കരിമ്പം.കെ.പി.രാജീവന്‍ പുസ്തക പരിചയം നിര്‍വ്വഹിച്ചു.

രാമസിംഹന്‍ പരിസ്ഥിതി-വന്യജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു.

വാര്‍ഡ് കൗണ്‍സിലര്‍ കെ.വല്‍സരാജന്‍, ആര്‍ഷ സംസ്‌ക്കാരഭാരതി ദേശീയ അധ്യക്ഷന്‍ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍, അയ്യപ്പസേവാസംഘം പാലകുളങ്ങര യൂണിറ്റ് പ്രസിഡന്റ് എം.സി.അച്യുതന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ ഗിരീഷ് പൂക്കോത്ത് സ്വാഗതവും എം.ജി.വിനോദ് നന്ദി പറഞ്ഞു.

നേരത്തെ വിജയ് നീലകണ്ഠന്‍ രാമസംഹനെ ഷാളണിയിച്ചും മൈസൂര്‍ തലപ്പാവ് ചാര്‍ത്തിയും ആദരിച്ചു.

ആധ്യാത്മികം നവമാധ്യമ കൂട്ടായ്മയുടെയും മാതൃകാ ഹിന്ദുഗ്രാമത്തിന്റെയും നേതൃത്വത്തില്‍ നടന്ന കുടുംബസംഗമവും രാമസിംഹന്‍ ഉദ്ഘാടനം ചെയ്തു. ശ്യാമളാമ്മ, വല്‍സല കൃഷ്ണന്‍ എന്നിവര്‍ ദീപം തെളിയിച്ചു. ഗൗരി കാര്‍ത്തികയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ വിജയന്‍ നല്ലേപ്പിള്ളി അധ്യക്ഷത വഹിച്ചു. പ്രസന്ന ഭാസ്‌ക്കരന്‍ സ്വാഗതം പറഞ്ഞു. കലാപരിപാടികളും വിശിഷ്ട വ്യക്തികളെ അദരിക്കലും രാമായണ മഹോല്‍സവ സമ്മാനദാനവും നടന്നു.