ചെകുത്താന്റെ കോട്ടക്ക് 56 വയസ്.

നടന്‍ സത്യന്റെ നാല് സഹോദരങ്ങളില്‍ രണ്ടാമത്തെയാളാണ് നേശന്‍. ചെല്ലയ്യ, ദേവദാസ്, ജോക്കബ് എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. ചലച്ചിത്ര സംവിധായകനാകുക എന്നതായിരുന്നു നേശന്റെ ആഗ്രഹം.

1967 ല്‍ റിലീസായ ചെകുത്താന്റെ കോട്ടയാണ് നേശന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച ആദ്യത്തെ സിനിമ.

എം.എം.നേശന്‍ എന്ന പേരിലായിരുന്നു സിനിമ സംവിധാനം ചെയ്തത്.

1969 ല്‍ വെള്ളിയാഴ്ച്ച, 72 ല്‍ അക്കരെപ്പച്ച, 76 ല്‍ കേണലും കളക്ടറും എന്നീ സിനിമകള്‍ നേശന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

നടന്‍ പി.ജെ.ആന്റണിയാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചത്.

സതീഷ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ 1967 ഡിസംബര്‍-7 നാണ് 56 വര്‍ഷം മുമ്പ് ഇതേ ദിവസം ജിയോ പിക്‌ച്ചേഴ്‌സ് റിലീസ് ചെയ്തത്.

ടി.എന്‍.കൃ്ഷ്ണന്‍കുട്ടിനായര്‍ ക്യാമറയും ജെ.ചെല്ലക്കണ്ണ് എഡിറ്റിംഗും നിര്‍വ്വഹിച്ചു.

സത്യന്‍, മധു, അംബിക, സുകുമാരന്‍, പി.ജെ.ആന്റണി, ബഹദൂര്‍, ശങ്കരാടി, എസ്.പി.പിള്ള, കുട്ടന്‍പിള്ള, ജെ.എ.ആര്‍.ആനന്ദ് എന്നിവരാണ് മുഖ്യവേഷത്തില്‍.

പി.ഭാസ്‌ക്കരന്‍ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നത് ബി.എ.ചിദംബരനാഥ്.

ചെകുത്താന്റെ കോട്ട-കഥാസംഗ്രഹം.

 

വനമധ്യത്തിലെ ബംഗ്ലാവില്‍ താമസിച്ച് നാട്ടില്‍ കൊള്ളയും കൊലയും നടത്തുന്ന സംഘത്തെ കണ്ടുപിടിയ്ക്കുന്നതാണ് കഥ.

സ്വര്‍ണ്ണക്കട്ടികള്‍, മദ്യം, കള്ളനോട്ട് എന്നിവയുടെ വ്യാപാരം വമ്പിച്ച തോതില്‍ നടത്തുന്ന ഒരു കള്ളസങ്കേതം കാട്ടിന്റെ നടുവിലുണ്ടെന്നറിവുകിട്ടിയ ലോറന്‍സ് തന്റെ കൂട്ടുകാരനായ ഭാസ്‌ക്കരനുമൊത്ത് കാട്ടിലെത്തി. നട്ടുച്ചക്കുപോലും പിശാചുക്കളെ നേരിട്ടു കാണുമെന്നു വിശ്വസിച്ചു പോരുന്ന ഒരു പഴയ ബംഗ്ലാവില്‍ അവര്‍ താമസമാക്കി. ആ ബംഗ്ലാവു് ചെകുത്താന്റെ കോട്ട എന്ന പേരിലാണ് അറിയപ്പെട്ടു പോന്നത്.

അവിടെ താമസിക്കുന്ന കാര്യത്തില്‍ ഭാസ്‌ക്കരന് അഭിപ്രായവ്യത്യാസമുണ്ടു്. പക്ഷെ, ഭൂതപ്രേതപിശാചുക്കളില്‍ തീരെ വിശ്വാസമില്ലാത്ത ധീരനായിരുന്ന ലോറന്‍സ് അവിടെത്തന്നെ താമസിക്കണമെന്ന് നിര്‍ബ്ബന്ധം പിടിച്ചു. ആദ്യത്തെ രാത്രിയില്‍ത്തന്നെ സംഭ്രമജനകമായ പലതും ആ കെട്ടിടത്തിനുള്ളില്‍ നടന്നതിനു ദൃക്‌സാക്ഷികളായ അവരിരുവരും ഭയാക്രാന്തരായി. വേണു, ഇക്ബാല്‍, ശങ്കരന്‍ എന്നീ കൂട്ടുകാരെക്കൂടി സഹായത്തിനായി അവര്‍ വരുത്തി. ആരും തിരിഞ്ഞുനോക്കുവാന്‍ പോലും ഭയപ്പെട്ടിരുന്ന ചെകുത്താന്റെ കോട്ടയില്‍ ആ അഞ്ചു സുഹൃത്തുക്കള്‍ ജീവിതം ആരംഭിച്ചു.
കൊള്ളസംഘത്തെപ്പറ്റിയുള്ള അന്വേഷണത്തിനിടയില്‍ യമുന എന്നൊരു പെണ്‍കൊടിയെ ലോറന്‍സ് കണ്ടുമുട്ടി. കാട്ടില്‍ താമസമാക്കിയ ഭീകരരൂപിയായ ഒരു വൃദ്ധന്റെ മകളാണ് യമുന. സുന്ദരിയായ യമുന ലോറന്‍സിനെ ജീവിതസര്‍വ്വസ്വമായി സ്വീകരിച്ചു. ഒരു ദിവസം ഒരേ സമയത്ത്് കാടിന്റെ രണ്ടു ഭാഗത്തുവെച്ചു് വൃദ്ധന്റെ ഭീകരരൂപം കാണുവാനിടയായപ്പോള്‍ വൃദ്ധന്‍ ലോറന്‍സിന് ഒരു പ്രശ്‌നമായി. ലോറന്‍സിന്റെ സംഘത്തിലെ ഒരംഗവും ഗായകനുമായിരുന്ന വേണു തന്റെ തൊട്ടു പിന്നില്‍ ഒരു പിശാചിന്റെ രൂപം നില്‍ക്കുന്നതായിക്കണ്ടു. പേടിച്ചു വിറച്ച് ആ ചെറുപ്പക്കാരന്‍ ഹൃദയം പൊട്ടി മരിച്ചു. ഈ ചിത്രത്തില്‍ ഒരു സ്ത്രീയായിട്ടു ഈ കഥാപാത്രം (യമുന) മാത്രമേയുള്ളൂ.അന്നേ വരെ ഇറങ്ങിയിട്ടുള്ള ചിത്രങ്ങളില്‍ അത്തരത്തില്‍ ഒരു സവിശേഷത അവകാശപ്പെടുന്ന ചിത്രവും ഇതാണ്.

ലോറന്‍സ് ആ ഭൂതത്തെ പിന്തുടര്‍ന്നു. ലോറന്‍സ് ഒഴിച്ച് മറ്റുള്ളവരെല്ലാം ഉടനടി സ്ഥലം വിടണമെന്ന അഭിപ്രായക്കാരായി മാറി. ലോറന്‍സ് എന്നിട്ടും കുലുങ്ങിയില്ല. സ്‌നേഹിതന്മാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എല്ലാവരും നാട്ടിലേക്കു മടങ്ങിക്കൊള്ളുവാന്‍ സമ്മതം മൂളി. ഭൂതത്തെ പിന്തുടര്‍ന്ന ലോറന്‍സ് അതിന്റെ ആവാസകേന്ദ്രം കണ്ടുപിടിക്കുന്നതില്‍ പരാജിതനായി.

ലോറന്‍സും സംഘവും ചേര്‍ന്ന് റബ്ബര്‍ നടുവാനായി കാടിന്റെ ചില ഭാഗങ്ങള്‍ വെട്ടിത്തെളിച്ചു. അവര്‍ക്കപ്പോള്‍ ചില വിവരങ്ങള്‍ കൂടി കിട്ടി. പൊന്നന്‍ എന്ന പ്രമാണിയുമായി ബന്ധപ്പെടുവാനും സാധിച്ചു. ധനവാനായ പൊന്നന് ഒരു വലിയ ബംഗ്ലാവുമുണ്ട്. തങ്ങള്‍ക്കു കിട്ടിയ രേഖകളുടെയും വിവരങ്ങളുടെയും തണലില്‍ കൊള്ളസംഘവുമായി ഏറ്റുമുട്ടുവാന്‍ തന്നെ ലോറന്‍സ് തീരുമാനിച്ചു.

നിശ്ചയപ്രകാരം തന്നെ ലോറന്‍സും കൂട്ടരും കൂടി കള്ളസംഘത്തിന്റെ ആവാസകേന്ദ്രം തിരക്കിപ്പിടിച്ചു. അവരുമായി ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരുന്ന അവസരത്തില്‍ എല്ലാ സജ്ജീകരണങ്ങളോടും കൂടി പോലീസ് സംഘവും സ്ഥലത്തെത്തിച്ചേര്‍ന്നു. കൊള്ളസംഘം അധിവസിച്ചിരുന്ന കേന്ദ്രത്തില്‍ കയറിക്കൂടിയ ലോറന്‍സ് രഹസ്യസങ്കേതങ്ങളില്‍ക്കൂടി പൊന്നന്റെ ബംഗ്ലാവിലേയ്ക്കുള്ള വഴി കണ്ടുപിടിച്ചു. തന്റെ കാമുകിയായ യമുനയുടെ പിതാവാണ് പൊന്നനെന്നും അയാളാണ് ഭീകരനായ വൃദ്ധനായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നതെന്നും, കള്ളസംഘത്തിന്റെ നേതാവും അയാള്‍ തന്നെയായിരുന്നുവെന്നും ലോറന്‍സിനു ബോദ്ധ്യപ്പെട്ടു. ഒരു റെക്കാര്‍ഡിംഗ് മെഷീന്റെ സഹായത്തോടുകൂടിയാണ്് ചെകുത്താന്റെ കോട്ടയില്‍ ഭയാനകമായ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചിരുന്നതെന്നും, അതേ രീതിയിലുള്ള സജ്ജീകരണങ്ങള്‍ കൊണ്ടുതന്നെയാണ് അസ്ഥിപഞ്ജരങ്ങളും മറ്റു ഭീകരരൂപങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്നും മറ്റുമുള്ള സകല രഹസ്യങ്ങളും ലോറന്‍സ് വെളിച്ചത്തുകൊണ്ടു വന്നു. താന്‍ സ്‌നേഹിച്ചു വിശ്വസിച്ചു പോന്ന യമുന അടക്കം സംഘത്തിലുള്ള സകലപേരേയും പോലീസില്‍ ഏല്‍പ്പിച്ചിട്ട് ലോറന്‍സ് നാട്ടിലേക്കു മടങ്ങി.

 

ഗാനങ്ങള്‍-

1-മന്ദമന്ദം നിദ്രവന്നെന്‍-യേശുദാസ്.
2-ഒരുമലയുടെ താഴ്‌വരയില്‍-യേശുദാസ്.
3-കാനന സദനത്തില്‍-എസ്.ജാനകി.
4-പ്രേമസ്വരൂപത്തിന്‍-ലത രാജു.
5-സ്വപ്‌നം വന്നെന്‍ കാതില്‍-പി.ലീല.