പഠിക്കുന്നവരെ ജയിപ്പിച്ചാല്‍ പോരെ? പഠിക്കാത്തവരെ ജയിപ്പിച്ച് മണ്ടന്മാരെ സൃഷ്ടിക്കണമോ? ജോസ് ചെമ്പേരി

 

പഠിക്കുന്നവരേയും, പഠിക്കാത്തവരേയും ജയിപ്പിക്കുകവഴി പഠിക്കുന്നവരേയും അലസരാക്കുന്ന ഈ സമ്പ്രദായം തുടരേണ്ടതുണ്ടോ?

പണി എടുക്കുന്നവന് അര്‍ഹതപ്പെട്ടതാണ് കൂലി. പണിയെടുക്കാത്തവര്‍ക്കും ഒരേ കൂലി കൊടുത്താല്‍ പണിയെടുക്കുന്നവരും അലസരാകും.

പഴയതിന്റെ 25 ല്‍ ഒന്നു പോലും നിലവാരം ഇന്നത്തെ വിദ്യാഭ്യാസത്തിനില്ല.

റെയില്‍വേ റിസര്‍വേഷന്‍ ഫോം പരസഹായമില്ലാതെ പൂരിപ്പിക്കാന്‍ +2 പാസ്സായ കുട്ടികള്‍ക്ക് അറിയില്ല.

ഒരു ചെറിയ അപേക്ഷ അക്ഷരത്തെറ്റുകൂടാതെ മലയാളത്തില്‍എഴുതാന്‍ കഴിയില്ല.

പിന്നെ ഇംഗ്ലീഷിന്റെ കാര്യം പറയേണ്ടതില്ലല്ലൊ. ഈ +2 ക്കാരുടെ നിലവാരം നമുക്ക് മനസിലാക്കാവുന്നതേ ഉള്ളു. എന്നാല്‍ മൊബൈലില്‍ കാശു പോകുന്ന കളികള്‍ ഉള്‍പ്പെടെ വേണ്ടതും, വേണ്ടാത്തതും ഒക്കെ ഇവര്‍ക്ക് അറിയുകയും ചെയ്യും.

ഞാന്‍ S.S.L.C. പാസാകുന്നത്1969-70 ല്‍ ആണ്. ആദ്യ പരീക്ഷയില്‍ രണ്ടു വിഷയത്തിന് തോറ്റിരുന്നു. രണ്ടാമത് എഴുതി ആ രണ്ടു വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് വാങ്ങിയാണ് ഞാന്‍ ജയിച്ചത്.

ഇന്ന് പലരും കാല്‍ക്കുലേറ്ററില്‍ കൂട്ടുന്ന കണക്കുകള്‍ അതിനേക്കാള്‍ വേഗം . മനസ്സില്‍ കൂട്ടിയെടുക്കാനുള്ള കഴിവ് ഞങ്ങള്‍ക്കെല്ലാമുണ്ട്. തെറ്റുകൂടാതെ എഴുതാനും, വാക്കുകള്‍ സ്ഫുടതയോടെ തെറ്റുകൂടാതെ പറയാനും ഞങ്ങള്‍ക്കറിയാം.

ഇതിനൊക്കെ ഞങ്ങളെ പ്രാപ്തരാക്കിയത് അന്നത്തെ അധ്യാപകരുടെ ശകാരവും, അപൂര്‍വമായി വള്ളിച്ചൂരലിന് കൈവെള്ളയില്‍ കിട്ടിയ അടിയുമാണ്.

വ്യക്തിപരമായി എത്ര സ്‌നേഹമുണ്ടെങ്കിലും അര മാര്‍ക്ക് കൂട്ടിത്തരാന്‍ അധ്യാപകര്‍ അന്ന് തയ്യാറല്ലായിരുന്നു. ആ കര്‍ക്കശഭാവം പഠിക്കാന്‍ ശിഷ്യഗണങ്ങളെ പ്രേരിപ്പിച്ചു.

ഇന്ന് അധ്യാപകര്‍ അല്പം പരുഷമായി ഒന്നു നോക്കിയാല്‍ കേസു കൊടുക്കും. അല്ലെങ്കില്‍ ആ കുട്ടി ആത്മഹത്യ ചെയ്യും മനോബലമില്ലാത്ത ദുര്‍ബല തലമുറ.. ഞാന്‍ അന്ന് സ്‌കൂള്‍ ലീഡറായിരുന്നു.N.C.C. യുടെ ട്രൂപ്പ് സര്‍ജന്റായിരുന്നു.

അതുകൊണ്ടു തന്നെ പഠനത്തില്‍ അല്പം ഉഴപ്പിയതുകൊണ്ടാണ്. രണ്ടു വിഷയങ്ങള്‍ക്ക് അന്ന് പൊട്ടിയത്. വലിയ സര്‍വകലാശാലാ ബിരുധമൊന്നും ഇല്ല.

എങ്കിലും കഴിഞ്ഞ 53 വര്‍ഷമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കാനും, പൊതുജനങ്ങളുമായി ഇടപെടാനും മൈക്കിന്റെ മുന്‍പില്‍ നിന്ന് തെറ്റുകൂടാതെ മറ്റുള്ളവര്‍ക്ക് മനസിലാകുന്ന വിധത്തില്‍ നാലു വാക്കു പറയാനും ഒക്കെക്കഴിയുന്നത് അന്ന് ലഭിച്ച വിദ്യാഭ്യാസത്തിന്റെ മേന്മയാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും.

ആര്‍ക്കുവേണ്ടിയാണ് പഠിക്കാത്തവരെ ജയിപ്പിച്ച് വിജയ ശതമാനം കൂട്ടി അഭിമാനം കൊള്ളുന്നത് ? മണ്ടന്മാരും മണ്ടികളും ആക്കി മാറ്റുന്ന ഈ സമ്പ്രദായം മാറിയേ തീരു. ഈ പറയുന്നത് ഒരു പാര്‍ട്ടിക്കും, ഒരു മുന്നണിക്കും എതിരല്ല. എല്ലാവരും ഗൗരവമായി ചിന്തിച്ച് തിരുത്തല്‍ വരുത്തി പഠന നിലവാരം ഉയര്‍ത്തണം എന്ന അഭ്യര്‍ത്ഥനയേ ഉള്ളു.