പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ വയോധികനെ തളിപ്പറമ്പില്‍ കണ്ടെത്തി

തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ വയോധികനെ തളിപ്പറമ്പില്‍ കണ്ടെത്തി.

കഴിഞ്ഞ 12 ന് കാണാതായ മണ്ണാര്‍ക്കാട് സ്വദേശി ഗോപി (74) നെയാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

മന്നയിലെ ഹോട്ടലില്‍ ജോലി തേടിയെത്തിയപ്പോള്‍ നാട്ടുകാര്‍ പോലീസില്‍ വിവരം നല്‍കുകയായിരുന്നു.

ജനമൈത്രി പോലീസിലെ എ.എസ്.ഐ.കെ.വി.ശശിധരന്‍, സീനിയര്‍ സി പി ഒ എസ്.കെ.പ്രജീഷ് എന്നിവര്‍ സ്ഥലത്തെത്തി ഇദ്ദേഹത്തെ സ്‌റ്റേഷനിലെത്തിച്ചു.

ചോദ്യം ചെയ്തപ്പോഴാണ് ഗോപിയാണെന്ന് മനസിലായത്. പരിയാരം പോലീസ് വിവരമറിഞ്ഞ് തളിപ്പറമ്പിലെത്തിയിട്ടുണ്ട്. ഗോപി അവശനിലയിലായിരുന്നു.

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എളമ്പിലാശേരി കച്ചേരിപ്പറമ്പില്‍ വീട്ടില്‍ ഗോപിയെ കഴിഞ്ഞ 12 ന് രാത്രിക്കും 13 ന് പുലര്‍ച്ചെക്കുമിടയിലാണ് കാണാതായത്.

മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് 10-ാം തീയതിയാണ് ഗോപിയും ഭാര്യയും മകള്‍ അനിതയും ഭര്‍ത്താവ് ദിനേശനും താമസിക്കുന്ന ഏഴിലോട്ടെ ക്വാര്‍ട്ടേഴ്‌സിലെത്തിയത്.

മകളെ പ്രസവത്തിന് വേണ്ടി അഞ്ചാംനിലയിലെ 509-ാം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

12 ന് രാത്രി ദിനേശന്റെ സുഹൃത്ത് രതീഷിനോടൊപ്പം മെഡിക്കല്‍ കോളേജിലെ വാര്‍ഡിന് മുന്നിലെ വരാന്തയില്‍ ഉറങ്ങാന്‍ കിടന്ന ഗോപിയെ രാവിലെ കണ്ടില്ലെന്നാണ് പരാതി.

അതിനിടെ ഗോപിയെ ശ്രീകണ്ഠാപുരത്ത് ഉണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ് ബന്ധുക്കള്‍ എത്തിയെങ്കിലും കാണാനായില്ല.