ബൈബിള്‍ ഹിന്ദിയിലെഴുതിയ വിജയകുമാറിന് അനുമോദനം.

പിലാത്തറ: ഹിന്ദിയില്‍ ബൈബിളിന്റെ കയ്യെഴുത്ത്പ്രതി തയ്യാറാക്കിയ പിലാത്തറയിലെ കെ.വിജയകുമാറിന് കൃപാഗ്നി ബൈബിള്‍ കണ്‍വെന്‍ഷനില്‍ അനുമോദനം.

കെഎസ്ഇബി റിട്ട.ഓവര്‍സീയര്‍ പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപത്തെ കെ.വിജയകുമാറാണ് കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതലയുടേയും സദസിന്റേയും അനുമോദനം ഏറ്റുവാങ്ങിയത്.

പഴയങ്ങാടി കെഎസ്ഇബിയില്‍ ഓവര്‍സിയറായി ജോലിചെയ്തിരുന്ന ഈ അന്‍പത്തേഴുകാരന്‍ ഒഴുവുകിട്ടിയിരുന്ന അവസരങ്ങളില്‍ എഴുത്തിനായി നീക്കിവെച്ചാണ് ബൈബളിലെ പഴയ നിയമം ഹിന്ദിയിലെഴുതിയത്.

ജോലിയില്‍നിന്നും വിരമിച്ചശേഷം 55 ദിവസങ്ങള്‍ കൊണ്ടാണ് പുതിയ നിയമം എഴുതിത്തീര്‍ത്തത്.

59 പേനയുപയോഗിച്ചായിരുന്നു 2372 പേജുകളിലായി ഹിന്ദിയിലെ കയ്യെഴുത്ത്പ്രതി തയ്യാറാക്കിയത്.

പഠനകാലത്ത് ഹിന്ദി പ്രത്യേക വിഷയമായി എടുത്തിരുന്നതിനാലാണ് വലിയ ബുദ്ധിമുട്ടില്ലാതെ ഈ ദ്യത്യം പൂര്‍ത്തീകരിക്കാനായതെന്ന് വിജയകുമാര്‍ പറഞ്ഞു.

ഹിന്ദിയിലുള്ള ബൈബിള്‍ കയ്യെഴുത്ത് പ്രതിയുടെ പ്രകാശനം കണ്ണൂര്‍ രൂപത ബിഷപ് ഡോ.അലക്‌സ് വടക്കുംതലയാണ് നിര്‍വഹിച്ചത്.

കഴിഞ്ഞ വര്‍ഷം പിലാത്തറയില്‍ നടന്ന കൃപാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷനില്‍ ബൈബിളിന്റെ ഇദ്ദേഹമെഴുതിയ ഇംഗ്ലീഷ് കയ്യെഴുത്തുപ്രതിയുടെ പ്രകാശനം ബിഷപ് നിര്‍വഹിച്ചിരുന്നു.

2343 പേജുകളിലായിരുന്നു ഇംഗ്ലീഷ് കൈയെഴുത്തുപ്രതി തയ്യാറാക്കിയത്. അതിനുമുമ്പ് ഇദ്ദേഹം 11 മാസം കൊണ്ട് 3235 പേജുകളിലായി ബൈബിളിന്റെ മലയാളം കയ്യെഴുത്ത്പ്രതിയും എഴുതി പൂര്‍ത്തിയാക്കിയിരുന്നു.

ഒരാള്‍തന്നെ മൂന്ന് ഭാഷകളില്‍ ബൈബിളിന്റെ കയ്യെഴുത്ത്പ്രതി തയ്യാറാക്കിയത് അത്യപൂര്‍വതയായും മാറിയിരിക്കുകയാണ്.