പ്രതികാരമതിലെന്ന് തെളിഞ്ഞു, നൂറ്ശതമാനവും.

തളിപ്പറമ്പ്: വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സമീപവാസിയുടെ വീട്ടിലേക്ക് കാറ്റും വെളിച്ചവും നിഷേധിച്ച് പ്രതികാര മതില്‍ നിര്‍മ്മിച്ച തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ന്യായീകരണങ്ങള്‍  പൊളിഞ്ഞു.

ബ്ലോക്ക് പഞ്ചായത്തില്‍ പുതുതായി ഷീലോഡ്ജ് നിര്‍മ്മിക്കുന്നതിനാല്‍ സുരക്ഷിതത്വത്തിന്റെ ഭാഗമായിട്ടാണ് മതിലിന്റെ ഉയരം കൂട്ടിയതെന്നായിരുന്നു നവകേരള സദസ് മുമ്പാകെ കൊടുത്ത പരാതിയില്‍ ഇവരുടെ വിശദീകരണം.

എന്നാല്‍ നാളെ ഫിബ്രവരി 3 ന് ഉദ്ഘാടനം ചെയ്യുന്ന ഷീ ലോഡ്ജിന് മുന്‍വശത്തെ ബ്ലോക്ക് പഞ്ചായത്തിന്റെ 40 വര്‍ഷം പഴക്കമുള്ള ചുറ്റുമതില്‍ തകര്‍ന്നുകിടക്കുകയാണ്.

ഇതില്‍ സുരക്ഷാഭീഷണി കാണാത്ത ബ്ലോക്ക് പഞ്ചായത്താണ് തകര്‍ന്ന് അപകടാവസ്ഥയിലായ മതില്‍ പുനര്‍ നിര്‍മ്മിക്കാനായി പരാതി നല്‍കിയ വിരോധത്തിന് കാറ്റും വെളിച്ചവും നിഷേധിച്ച് പൊളിച്ചുമാറ്റിയ മതിലിനേക്കാള്‍ ഉയരത്തില്‍ പ്രതികാര മതില്‍ പണിതത്.

ഇത് സംബന്ധിച്ച് 2023 ഫിബ്രവരി 4 ന് ചേര്‍ന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മതിലിന്റെ ഒരു കല്ലിന്റെ ഉയരം കുറക്കണമെന്ന് നിര്‍ദ്ദേശിച്ചതിനെ വികസനസമിതി അംഗം കൂടിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ പരസ്യമായി നിരാകരിച്ചത് വിവാദമായിരുന്നു.

ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയ വിരോധത്തിന് ലേഖകന്റെ പേരില്‍ 10 ലക്ഷം രൂപ മാനനഷ്ടമുണ്ടായതായി കാണിച്ച് വക്കീല്‍ നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്താനും ശ്രമം നടന്നിരുന്നു.