അനധികൃത ചെങ്കല്‍ഖനനം-7 ലോറികള്‍ പിടിച്ചെടുത്തു- നടപടികള്‍ ഇന്നും തുടരും
തളിപ്പറമ്പ്: അനധികൃത ചെങ്കല്‍ഖനനത്തിനെതിരെ റവന്യൂ അധികൃതര്‍ നടപടി ആരംഭിച്ചു.
ഇന്നലെ തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി,
തഹസില്‍ദാര്‍ പി.കെ.ഭാസ്‌ക്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെങ്കല്ല് കടത്തുകയായിരുന്ന ഏഴ് ലോറികള്‍ പിടിച്ചെടുത്തു.
ഇന്നലെ വൈകുന്നേരമാണ് റെയിഡ് നടന്നത്. പിടിച്ചെടുത്ത ലോറികള്‍ ജിയോളജി വകുപ്പിന് കൈമാറുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
ചുഴലി വില്ലേജിലെ മാവിലുംപാറയില്‍ സര്‍ക്കാറിന്റെ അനുമതിയില്ലാതെ ഏക്കര്‍കണക്കിന് ഭൂമിയില്‍ നടക്കുന്ന അനധികൃത ചെങ്കല്‍ ഖനനത്തിനെതിരെ ചപ്പാരപ്പടവില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് രംഗത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം നാട്ടുകാര്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു.
ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ളവര്‍ അനധികൃത ചെങ്കല്‍ ഖനനസ്ഥലം സന്ദര്‍ശിച്ചിരുന്നു.
ചെങ്കല്‍ഖനനത്തിനെതിരെ കൂടുതല്‍ കര്‍ശനമായ നടപടികള്‍ തുടരുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.