അപകടത്തില്‍ ഞെട്ടി നാട്ടുകാര്‍.
കാഞ്ഞങ്ങാട്: പെരിയയിലെ അപകടത്തില്‍ നടുങ്ങി നാട്ടുകാര്‍. ചെരളത്തെ പുതിയ പുരയില്‍ കുഞ്ഞമ്പുവിന്റെ മകന്‍ രഘുനാഥ് (52), തേറംകല്ലിലെ ചെമ്പാരപ്പടമ്പ് അമ്പുവിന്റെ മകന്‍
രാജേഷ് (37) എന്നിവരാണ് മരിച്ചത്. രാജേഷ് കേബിള്‍ ടിവി നടത്തുന്നയാളാണ്. രഘുനാഥ് കാഞ്ഞങ്ങാട് ഡിഷ് ടി വി സ്ഥാപനത്തിലാണ്. ദേശീയപാതയില്‍ പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം നിയന്ത്രണംവിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞാണ് അപകടം. തായന്നൂര്‍ വയനാട്ട് കുലവന്‍ മഹോത്സവത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
ദേശീയപാതയില്‍ ഡിവൈഡറില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് തൊട്ടടുത്ത വലിയ കുഴിയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . തായന്നൂര്‍ തേറംകല്ലിലെ രാഹുല്‍ (35) തേറംകല്ല്‌പോത്തംതറവത്ത് ടി. രാജേഷ് (37) എന്നിവരാണ് പരിക്ക് പറ്റി ആശുപത്രിയിലുള്ളത്. പരിക്കേറ്റ രാജേഷ് കാഞ്ഞങ്ങാട്ട് വസ്ത്രാലയ ജീവനക്കാരനാണ്. ദേശീയ പാത നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള വലിയ താഴ്ചയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞത്. മരിച്ച രാജേഷാണ് കാര്‍ ഓടിച്ചിരുന്നത്.

