സ്റ്റെതസ്‌ക്കോപ്പേന്തിയ കൈകളില്‍ വിരിഞ്ഞത് ഹിപ്പോക്രാറ്റസിന്റെ ശില്‍പ്പം-ഇത് ഡോ.കെ.രമേശന്‍ MBBS, MD.
കരിമ്പം. കെ.പി.രാജീവൻപരിയാരം: സ്റ്റെതസ്കോപ്പെടുക്കുന്ന കൈകൾ കൊണ്ട് ഡോ.കെ.രമേശൻ രൂപം നൽകിയത് ഹിപ്പോക്രാറ്റസിൻ്റെ പ്രതിമ.

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രഫസർ ചിറക്കൽ സ്വദേശി ഡോ.രമേശൻ പണിത ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവ് ഹിപ്പോക്രാറ്റസിൻ്റെ അർദ്ധകായ പ്രതിമ മാർച്ച് 16ന് വൈകുന്നേരം 4 ന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് കാമ്പസിൽ പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ അനാഛാദനം ചെയ്യും.
കഴിഞ്ഞ 29 വർഷമായി മെഡിക്കൽ കോളേജിൽ ജോലി ചെയ്തുവരുന്ന ഡോ.രമേശൻ 1995ൽ ട്യൂട്ടർ തസ്തികയിലാണ് ജോലിക്ക് ചേർന്നത്.
കോയമ്പത്തൂർ സെൻ്റ് തോമസ് പ്രൈമറി സ്കൂൾ, കമ്പിൽ മാപ്പിള ഹൈസ്ക്കൂൾ, കണ്ണൂർ ശ്രീനാരായണ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തിയ ഡോക്ടർ സ്ക്കൂൾ യുവജനോൽസവങ്ങളിൽ ക്ളേമോഡലിങ്, ചിത്രരചനാമൽസരങ്ങളിൽ പങ്കെടുക്കുമായിരുന്നു.
1981 ൽ പാലക്കാടുവച്ചു നടന്ന സംസ്ഥാന സ്ക്കൂൾ യുവജനോൽസവത്തിൽ ക്ളേ മോഡലിംഗിനും 1990,1991 വർഷങ്ങളിൽ കോഴിക്കോട് സർവകലാശാലാ കലോൽസവങ്ങളിൽ പോസറ്റർരചന, കൊളാഷ്, ക്ളേമോഡലിംഗ് മൽസരങ്ങളിലും സമ്മാനിതനായിരുന്നു.
ഓരോ വർഷവും യൂണിവേഴ്സിറ്റി കലാമൽസരങ്ങളിൽ മികവു തെളിയിക്കുന്ന വിദ്യാർത്ഥികൾക്കു നൽകിവരുന്ന സ്കോളർഷിപ്പ് 1991 ൽ ലഭിച്ചിരുന്നു.
2016 ൽ ഫോക് ലോർ അക്കാദമി കണ്ണൂരിൽ സംഘടിപ്പിച്ച ലോഹാർ 16 ൽ നിരീക്ഷകനായി പങ്കെടുത്തു.
2017ൽ കേരള ക്ഷേത്രകലാ അക്കാദമി കുഞ്ഞിമംഗലം വടക്കൻകോവിൽ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ശിൽപകലാ ശിൽപശാലയാണ് വഴിത്തിരിവായത്.
ക്യാമ്പ് ഡയറക്ടറായ കെ കെ ആർ വെങ്ങര വീട്ടിൽ ചെന്നാൽ ശിൽപങ്ങൾ ചെയ്യാമെന്ന് പറഞ്ഞപ്പോൾ തന്നെ ശിഷ്യത്വം സ്വീകരിക്കുകയും ഒഴിവു സമയങ്ങളിൽ കളിമൺശിൽപങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
പിന്നെ രണ്ടുവർഷം കോവിഡ് കാലത്ത് പൂർണമായി മാറി നിൽക്കേണ്ടി വന്നു.
താൻ വിരമിച്ചാലും ഓർമിക്കപ്പെടുന്ന എന്തെങ്കിലും കാമ്പസിൽ നിർമ്മിക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഹിപ്പോക്രാറ്റ സിൻ്റെ ശിൽപ്പം നിർമ്മിക്കാൻ തീരുമാനിച്ചത്.
2023 ഫെബ്രുവരി 16 ന് ഹിപ്പോക്രാറ്റസിൻറെ ശിൽപം പണിയാരംഭിച്ചു.
രണ്ടാഴ്ച അവധിയെടുത്ത് തുടർചയായും പിന്നീട് ഒഴിവുസമയങ്ങൾ ഉപയോഗപ്പെടുത്തിയും രണ്ടു മാസം കൊണ്ടാണ് ശിൽ പം പൂർത്തിയാകുന്നത്.
ശിൽപ്പ നിർമ്മാണത്തിന് ഡോക്ടർ സ്വന്തം കയ്യിൽ നിന്നും മൂന്നര ലക്ഷത്തോളം രൂപയാണ് മുതൽ മുടക്കിയത്.
ഭൌതികസാഹചര്യങ്ങളൊരുക്കുവാനും ശിൽപനിർമ്മാണത്തിനും കലാകാരൻമാരായ ഷാജി മാടായി, നിധിൻ ഏഴോം, രതീഷ്, സജിത് എന്നിവർ കൂടെ നിന്നു.
കതിരൂർ ആർട് ഗാലറിയിൽ ചിത്ര പ്രദർശനം ഉത്ഘാടനം ചെയ്യാനായി പോകുംവഴി കാനായി കുഞ്ഞിരാമൻ ശിൽപം കാണുകയും നല്ല അഭിപ്രായം പറയുകയും ചെയ്തത് പുരസ്കാരലബ്ധിപോലെ ഡോക്ടർ മനസിൽ സൂക്ഷിക്കുന്നു.
മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘടനയായ ആംസ്റ്റയുടെ പ്രസിഡൻറ്, സാംസ്കാരിക സംഘടനയായ ക്യാമ്പിൻറെ പ്രസിഡൻറ്, ഹീമോഫീലിയ സൊസൈറ്റി കണ്ണൂർ കാസർഗോഡ് ജില്ലാ ചാപ്റ്ററിൻറെ പ്രസിഡൻറ്, മെഡിക്കൽ കോളേജിൽ കരിക്കുലം കമ്മിറ്റിയംഗം എന്നീ നിലകളിലും ഡോ.രമേശൻ പ്രവർത്തിച്ചു വരുന്നു.
ലോകത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ഡോക്ടർ ഹിപ്പോക്രാറ്റ സിൻ്റെ പ്രതിമ നിർമ്മിച്ച് താൻ ജോലി ചെയ്യുന്ന മെഡിക്കൽ കോളേജിൽ സ്ഥാപിക്കുന്നത്.
